25 November Monday

ഉന്നതിയില്‍നിന്ന് 
ആതിര ക്യാമ്പസിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

ഇ കെ ആതിരയ്ക്ക് പ്രവാസി സംഘത്തിന്റെ ഉപഹാരം സിപിഐ എം ഏരിയാ സെക്രട്ടറി എം രതീഷ് സമ്മാനിക്കുന്നു

മട്ടന്നൂര്‍
പരിമിതികളെയും പ്രതിബന്ധങ്ങളെയും തട്ടിത്തെറിപ്പിച്ച്  പുതിയ അധ്യയനം തുടങ്ങുകയാണ് തില്ലങ്കേരി വേങ്ങരച്ചാല്‍ ഇല്ലം ഉന്നതിയിലെ ഇ കെ ആതിര.  ഇല്ലം ഉന്നതിയില്‍നിന്ന് ആദ്യമായാണ് ഒരാള്‍ ബിരുദപഠനത്തിന് അര്‍ഹതനേടുന്നത്.  മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്എസ് കോളേജില്‍ ചരിത്ര വിഭാഗത്തിലാണ് പ്രവേശനം നേടിയത്.   
 ഉന്നതിയിലെ വിദ്യാര്‍ഥികള്‍ പിന്നോട്ട് പോകേണ്ടവരല്ലെന്നും അവര്‍ സമൂഹത്തിന് മാതൃകയാവേണ്ടവരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചപ്പോഴാണ് തില്ലങ്കേരിക്ക് അഭിമാനമായി ആതിരയിലൂടെ മറ്റൊരു ചരിത്രം പിറന്നത്. സര്‍വശിക്ഷാ കേരള മുഖാന്തിരം പഞ്ചായത്തുമായി കൈകോര്‍ത്ത് ബിആര്‍സി  ‘പ്രതിഭാ പഠനകേന്ദ്രം' തുറന്നു. ഉന്നതിയിലെ വിദ്യാര്‍ഥികളെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു.   പഠനസൗകര്യങ്ങളൊരുക്കി സിപിഐ എം ,എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടെനിന്നു. പ്രതിഭാകേന്ദ്രം എഡ്യൂക്കേഷന്‍ വളന്റിയര്‍ കെ രേഷ്മയാണ്  അധ്യാപിക. 
ഏഴാംക്ലാസ് വരെ വാഴക്കാല്‍ ഗവ. യുപി സ്കൂളിലും എട്ട് മുതല്‍ പ്ലസ്ടു വരെ കാവുമ്പടി സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമായിരുന്നു ആതിരയുടെ പഠനം. ഇ കെ രാജുവിന്റെയും ഇ കെ ശ്യാമളയുടെയും മകളാണ്. സഹോദരന്‍ അരുണ്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. 
  ആതിരയെ കേരള പ്രവാസിസംഘം ഏരിയാ കമ്മിറ്റി അനുമോദിച്ചു. പഠനോപകരണങ്ങളും നല്‍കി. സിപിഐ എം ഏരിയാ സെക്രട്ടറി എം രതീഷ് ഉദ്ഘാടനം ചെയ്തു. എം പ്രദീപ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, പ്രവാസിസംഘം ഏരിയാ സെക്രട്ടറി കെ പി സൂരജ് എന്നിവര്‍ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top