22 November Friday

ഇന്ന്‌ ലോക ഫോക്‌ലോർ ദിനം നാടൻപാട്ടിന്റെ ചേലിൽ ‘സൗപർണിക’

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

അത്താഴക്കുന്ന് സൗപര്‍ണിക കലാവേദി ടീം പരിപാടി അവതരിപ്പിക്കുന്നു

കണ്ണൂർ
‘കളയോ, കാളയോ കാളക്കിടാവേ തിത്തൈതാ. ആരുടെ, ആരുടെ ആരംഭക്കാളേ തിത്തൈതാ. കൊടുങ്ങല്ലൂർ നല്ലമ്മയുടെ ആരംഭക്കാളേ തിത്തൈതാ. -നാടൻകലകളിലൂടെ ആയിരക്കണക്കിന്‌ വേദികൾ  കീഴടക്കിയ അത്താഴക്കുന്ന്‌  ‘സൗപർണിക’ കലാവേദി അരങ്ങേറ്റം കുറിച്ചത്‌ ഈ പാട്ടിലൂടെയാണ്‌. പാട്ടും നൃത്തവും വശമില്ലാത്ത കെ ഗീതയെന്ന വീട്ടമ്മയാണ്‌ കലാകാര കൂട്ടായ്‌മയായ ‘സൗപർണിക’യുടെ നായിക. 2005ൽ  എട്ട്‌ കുട്ടികളും രക്ഷിതാക്കളും തുടങ്ങിയ കലാവേദി യുനെസ്‌കോയുടെ അംഗീകാരം നേടിയ ആദ്യ നാടൻപാട്ട്‌  ട്രൂപ്പായി. സെക്രട്ടറിയും ട്രൂപ്പ്‌ മാനേജരുമായ കെ ഗീതയും ഭർത്താവ്‌ എം  പവിത്രനും മക്കളായ ഗിൽനയുടെയും ലസ്‌നയുടെയും രക്ഷിതാക്കളെന്ന നിലയിലാണ്‌ ട്രൂപ്പിന്റെ ഭാഗമായത്‌. 2005ലെ പുഴാതി പഞ്ചായത്ത്‌ കേരളോത്സവത്തിൽ  നാടൻപാട്ടിൽ ജേതാക്കളായാണ്‌ തുടക്കം. ആ വർഷംതന്നെ ജില്ലാ, സംസ്ഥാന കേരളോത്സവത്തിലും ഒന്നാമതായി. 2006, 2007 വർഷങ്ങളിൽ ദേശീയതലത്തിലും വിജയംനേടി. ടൂറിസം, യുവജനക്ഷേമ വകുപ്പുകളുടെ അംഗീകാരവും നേടി. 
   ദൂരദർശനിൽനിന്ന്‌ ലഭിച്ച പ്രതിഫലത്തിനാണ്‌ വാദ്യോപകരണങ്ങൾ വാങ്ങിയത്‌. സി പി പുരുഷോത്തമൻ, സി പി ഭാസ്‌കരൻ, കുഞ്ഞിരാമൻ, സുകുമാരൻ, എം പവിത്രൻ എന്നിവരാണ്‌ സ്ഥാപകാംഗങ്ങൾ. സി പി അജയനാണ്‌ പ്രസിഡന്റ്‌, ശരത്‌ അത്താഴക്കുന്ന്‌ കോ–-ഓഡിനേറ്ററാണ്‌. സായന്ത്‌, അർജുൻ, അമൽ, സിന്ധു, വിപിന, ശാരിക എന്നിവരടക്കം 24 പേരാണുള്ളത്‌. ട്രൂപ്പിന്റെ നെടുംതൂണായിരുന്ന ഷാജു പനയൻ വിടപറഞ്ഞിട്ട്‌ ഒരു വർഷമായി. 
     നാലായിരത്തോളം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. ദുബായ്‌, മസ്‌ക്കറ്റ്‌, ഡൽഹി, ഹൈദരാബാദ്‌, പറ്റ്‌ന, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ പര്യടനം നടത്തി. മാസം ശരാശരി 12 വേദികളുണ്ടാകും. സീസണിൽ ദിവസവും പരിപാടിയുണ്ടാകും. നാടൻപാട്ട്‌, നാടോടിനൃത്തം, തെയ്യക്കോലങ്ങൾ, മയിലാട്ടം, ഒപ്പന എന്നിവയാണ്‌ പ്രധാനം. 
   സെക്രട്ടറി ഗീത ചാലാട്‌ പള്ളിയാംമൂല സ്വദേശിയാണ്‌. വിവാഹശേഷമാണ്‌ പുഴാതി അത്താഴക്കുന്നിലെത്തിയത്‌. രണ്ടു തവണ പുഴാതി പഞ്ചായത്തംഗമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top