കണ്ണൂർ
ജില്ലാ പഞ്ചായത്തിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് രണ്ടുമാസത്തിനകം സജ്ജമാവും. സാധാരണക്കാരന് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ലക്ഷ്യം നിറവേറ്റുന്നതിനൊപ്പം ജില്ലയുടെ ആരോഗ്യമേഖലയുടെ വലിയ ചുവടുവയ്‌പായി ബ്ലോക്ക് മാറും. സംസ്ഥാന സർക്കാർ 76 കോടിയാണ് കിഫ്‌ബി വഴി പദ്ധതിക്കായി അനുവദിച്ചത്. അഞ്ചുനില കെട്ടിട നിർമാണം പൂർത്തിയായി. ഫയർ ആൻഡ് സേഫ്‌റ്റി, മലിനീകരണ നിയന്ത്രണബോർഡ് അനുമതികൾ ലഭിക്കാനുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ കാർഡിയോളജി, യൂറോളജി, ന്യൂറോളജി ഒപികളാണുണ്ടാവുക. കാത്ത് ലാബ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, മൂന്ന് ഓപ്പറേഷൻ തിയറ്റർ, പോസ്‌റ്റ് ഓപ്പറേറ്റീവ് വാർഡ്, ന്യൂറോളജി, യൂറോളജി ഐസിയുകൾ, ഡയാലിസിസ് യൂണിറ്റ്, 18 സ്‌പെഷ്യൽ വാർഡുകൾ, പേ വാർഡുകൾ എന്നിവയുമുണ്ടാകും.
61.72 കോടിയാണ് സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമാണത്തിന് ചെലവിട്ടത്. ബാക്കി 15 കോടി വിനിയോഗിച്ച് മറ്റൊരു അഞ്ചുനില കെട്ടിടം പണിയും. ക്യാന്റീനിന് മുൻവശത്തെ പഴക്കമുള്ള കെട്ടിടം പൊളിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സ്ഥലത്തായിരിക്കും പുതിയ കെട്ടിടം. എംആർഐ , എക്‌സറേ യൂണിറ്റ് തുടങ്ങിയവയൊരുക്കാൻ കെട്ടിടം ഉപയോഗിക്കും. നിലവിൽ ഒപികൾ പ്രവർത്തിക്കുന്ന മുഖ്യകെട്ടിടവും നവീകരിക്കും. അറ്റകുറ്റപ്പണിക്കായി 60 ലക്ഷമാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്. 90 ലക്ഷം രൂപയുടെ നവീകരണം പഴയ ഒപി കെട്ടിടത്തിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..