കണ്ണൂർ
കണ്ണൂർ ദസറ ആഘോഷത്തിനിടെ മേയർ ടി ഒ മോഹനനെയും കോർപ്പറേഷൻ ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാൾക്കെതിരെ കേസെടുത്തു. അലവിൽ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ വി ടി ജബ്ബാറി(45) നെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ജീവനക്കാരെ കൈയേറ്റം ചെയ്തതിനും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളംവച്ചതിനുമാണ് കേസ്.
വെള്ളി രാത്രി കലക്ടറേറ്റ് മൈതാനിയിൽ കണ്ണൂർ ദസറ ആഘോഷത്തിനിടെയാണ് ജബ്ബാർ മേയർ ടി ഒ മോഹനനെയും കോർപ്പറേഷൻ ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
കണ്ണൂർ ഷെരീഫിന്റെ ഗാനമേളയ്‌ക്കിടെ മദ്യലഹരിയിലായിരുന്ന ജബ്ബാർ സ്റ്റേജിലേക്ക് കയറി ഡാൻസ് കളിച്ചു. പരിപാടി തടസ്സപ്പെടാതിരിക്കാൻ കോർപ്പറേഷൻ ജീവനക്കാർ ഇയാളെ മാറ്റാൻ ശ്രമിച്ചു. തുടർന്ന് ജബ്ബാർ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും രംഗം ശാന്തമാക്കാനെത്തിയ മേയറെ പിടിച്ച് തള്ളുകയുമായിരുന്നു. കലക്ടറേറ്റ് മൈതാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് പ്രവർത്തകനാണ് ജബ്ബാറെന്ന് തിരിച്ചറിഞ്ഞപ്പോൾ സംഭവത്തിൽ പരാതി നൽകാൻ കോർപ്പറേഷൻ അധികൃതർ തയ്യാറായില്ല. ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കോർപ്പറേഷൻ ജീവനക്കാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..