ഉളിക്കൽ
പഞ്ചായത്തിലെ ജനവാസ മേഖലയിലെ കാട്ടാന ആക്രമണം തടയാൻ പരിഹാരം തേടി എൽഡിഎഫ് പ്രതിനിധി സംഘം മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നൽകി. വനംവകുപ്പ് നിലവിൽ അനുവദിച്ച തുക വിനിയോഗിച്ച് തൂക്കുവേലി നിർമിക്കാൻ ടെൻഡർ ഉടൻ പൂർത്തീകരിക്കുമെന്നും നിലവിലെ തൂക്ക്‌വേലി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 35 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പത്ത് ലക്ഷവും ഉളിക്കൽ പഞ്ചായത്ത് വിഹിതമായ 5 ലക്ഷവും ഉപയോഗിച്ചുള്ള തൂക്ക് വേലി നിർമാണവും ത്വരിതപ്പെടുത്തും. ശേഷിക്കുന്ന വനാതിർത്തിയിലും സുരക്ഷാപ്രവൃത്തികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ സാന്നിധ്യത്തിൽ തദ്ദേശജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ യോഗം നവംബർ ആദ്യവാരം കലക്ടർ വിളിക്കും.
കൃഷി വകുപ്പ് സഹകരണത്തോടെ വന്യമൃഗ ആക്രമണ വിഷയം പരിഹരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. ഡിഎഫ്‌ഒ പി കാർത്തിക്കും മന്ത്രിക്കൊപ്പമുണ്ടായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, അജയൻ പായം, ബാബുരാജ് ഉളിക്കൽ, അഡ്വ. കെ ജി ദിലീപ്, പി കെ ശശി, ലിജുമോൻ, കെ എ ദാസൻ, പി എ നോബിൻ, സരുൺ തോമസ് എന്നിവരുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..