26 December Thursday
ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌

3 മാസത്തിനകം: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

കണ്ണൂർ താലുക്ക് ആശുപത്രി ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിക്കുന്നു

സ്വന്തംലേഖിക
കണ്ണൂർ
ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ മൂന്നുമാസത്തിനകം പ്രവർത്തനം തുടങ്ങുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ബ്ലോക്കിൽ ഒരുക്കിയ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാക്കുന്ന പ്രവൃത്തികളാണ്‌ ഇപ്പോൾ പുരോഗമിക്കുന്നത്‌. പ്രവർത്തനം വിലയിരുത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിലവിൽ  പോസ്‌റ്റ്‌ ഓപറേറ്റീവ്‌ വാർഡും പുരുഷന്മാരുടെ മെഡിക്കൽ വാർഡും പ്രവർത്തിക്കുന്നുണ്ട്‌. ഡയാലിസിസ്‌ യൂണിറ്റ്‌ പ്രവർത്തനസജ്ജമായി. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്ടിപി), ഫയർ എൻഒസി എന്നിവ പൂർത്തിയായാൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂർണമായും പ്രവർത്തനസജ്ജമാകും. അധിക തസ്തികകളും സൃഷ്ടിക്കും. 
ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആശുപത്രികൾ സന്ദർശിച്ച്‌ പ്രവർത്തനം വിലയിരുത്തുകയാണ്‌ ലക്ഷ്യം.  രോഗികളോടും കൂട്ടിരിപ്പുകാരോടും ആശയവിനിമയം നടത്തി   സേവനം  പൂർണാർഥത്തിൽ ലഭിക്കുന്നുണ്ടോയെന്ന്‌ ഉറപ്പാക്കും. നടപടി ക്രമങ്ങളിലുണ്ടാവുന്ന കാലതാമസം പരിഹരിക്കും. ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി  റിപ്പോർട്ട്‌ തയ്യാറാക്കി അവലോകനം നടത്തും. 
മെഡിക്കൽ കോളേജിന്‌ സമാനനിലവാരത്തിലാണ്‌ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം. ജില്ലാ ആശുപത്രിയുടെ  മികവാർന്ന പ്രവർത്തനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയുടെയും നേതൃത്വത്തിൽ നടക്കുന്നു. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ മെഡിക്കൽ എഡ്യുക്കേഷനിലേക്ക്‌ മാറിയതുൾപ്പെടെയുള്ള വിഷയങ്ങൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.  
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, സ്ഥിരംസമിതി ചെയർപേഴ്‌സൺ  കെ കെ രത്നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന, അഡീ. ഡയറക്ടർ ഡോ. വിദ്യ, ഡിഎംഒ ഡോ. എം പി ജീജ, ഡിപിഎം ഡോ. അനിൽകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത, ആർഎംഒ ഡോ. സുമിൻ, ബിഎസ്എൻഎൽ എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ കൂടെയുണ്ടായി.  കൂത്തുപറമ്പ്‌, പേരാവൂർ, ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രികളും മാങ്ങാട്ടുപറമ്പ്‌ അമ്മയും കുഞ്ഞും ആശുപത്രിയും മന്ത്രി സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top