22 October Tuesday

ലൈബ്രറി കൗൺസിൽ 
പുസ്‌തകോത്സവം 25ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം 25ന്‌ തുടങ്ങുമെന്ന്‌  സ്വാഗതസംഘം ജനറൽ കൺവീനർ പി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ മൂന്നിന്‌ കലക്ടറേറ്റ്‌ മൈതാനിയിലെ കെ ബാലകൃഷ്ണൻമാസ്റ്റർ നഗറിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ചെയർമാൻ  വി ശിവദാസൻ എംപി അധ്യക്ഷനാകും. ടി പത്മനാഭൻ മുഖ്യാതിഥിയാകും. ഡോ. കെ പി മോഹനൻ  തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണം നടത്തും.
   28വരെ നീളുന്ന മേളയിൽ  150 സ്‌റ്റാളുകളിലായി എഴുപതിലേറെ പ്രസാധകർ പങ്കെടുക്കും.  സാഹിത്യ സാംസ്കാരിക സദസ്സുകളും കലാപരിപാടികളും പുസ്ത പ്രകാശനവും നടക്കും.  26ന്  പകൽ  11 ന്‌ കാഥികസംഗമം വി ഹർഷകുമാർ  ഉദ്ഘാടനം ചെയ്യും. പകൽ  മൂന്നിന്‌ കുമാരനാശാൻ ചരമ ശതാബ്ദി എം എ സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. എം വി  ജയരാജൻ മുഖ്യാതിഥിയാകും.  27 ന് രാവിലെ  9.30 ന് ഗ്രന്ഥാലോകം 75ാം വാർഷിക പ്രത്യേകപതിപ്പ്‌  ഗ്രന്ഥാലോകം പത്രാധിപർ പി വി കെ പനയാൽ പ്രകാശിപ്പിക്കും. ഇ പി രാജഗോപാലൻ പ്രഭാഷണം നടത്തും. പകൽ മൂന്നിന്‌ സാഹിത്യ കല സമൂഹം–- യുവ പ്രതിഭാസംഗമം എസ്‌ സിത്താര ഉദ്‌ഘാടനം ചെയ്യും. 
  28ന് രാവിലെ  10.30ന്‌  സമാപനസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  എം മുകുന്ദൻ മുഖ്യാതിഥിയാകും. കരിവെള്ളൂർ മുരളി തോപ്പിൽഭാസി അനുസ്മരണപ്രഭാഷണം നടത്തും. എം മുകുന്ദൻ അഭിനയിച്ച ‘ബോൺഴൂർ മയ്യഴി’ ഹ്രസ്വചിത്രവും  പ്രദർശിപ്പിക്കും. 
  വാർത്താസമ്മേളനത്തിൽ മേളയുടെ ബ്രോഷർ  ജില്ലാപഞ്ചായത്ത്‌ നിയുക്ത  പ്രസിഡന്റ്‌  കെ കെ രത്‌നകുമാരി പ്രകാശിപ്പിച്ചു. പിആർഡി  ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ,  ലൈബ്രറി കൗൺസിൽ  പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ,  ഭാരവാഹികളായ എം കെ രമേഷ്‌ കുമാർ,  വി കെ പ്രകാശിനി,  ടി പ്രകാശൻ, പി  ജനാർദനൻ,  സി സുനിൽകുമാർ, കെ ടി ശശി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top