19 December Thursday

ജില്ലാ സ്‌കൂള്‍ കായിക മേളക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

വിജയക്കുതിപ്പ് ... ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ 
സ്വർണം നേടുന്ന സായി തലശേരിയുടെ ഇവാന ടോമിയുടെ കുതിപ്പ്

തലശേരി

എട്ട്  മീറ്റ് റെക്കോഡുകളോടെ പുതിയ ദൂരവും സമയവും കുറിച്ച് ഒളിമ്പിക്‌സ്‌  മാതൃകയിൽ നടക്കുന്ന ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍  സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി അധ്യക്ഷയായി.  കൗൺസിലർമാരായ  ടി കെ സാഹിറ,  പി കെ സോന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എന്‍ ബാബു മഹേശ്വരി പ്രസാദ്, ഹയര്‍ സെക്കൻഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, വിദ്യാകിരണം ജില്ലാ കോ–-ഓഡിനേറ്റര്‍ കെ സി സുധീര്‍, ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കോ–- ഓഡിനേറ്റര്‍ പി പി മുഹമ്മദലി, രജീഷ് കാളിയത്താന്‍ എന്നിവര്‍ സംസാരിച്ചു.
15 ഉപജില്ലകളില്‍നിന്നായി രണ്ടായിരത്തോളം കായികപ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കും.   ബുധനാഴ്ച  സമാപിക്കും.
 
പയ്യന്നൂർ കുതിക്കുന്നു
തലശേരി
ആദ്യ ദിനം അവസാനിച്ചപ്പോൾ മറ്റു സബ് ജില്ലകളെ ബഹുദൂരം പിന്നിലാക്കി പയ്യന്നൂർ സബ്ജില്ല. സ്കൂളുകളിൽ കോഴിച്ചാൽ ജിഎച്ച്എസ്എസുമാണ് മുന്നിൽ.12 സ്വർണവും 10 വീതം വെള്ളിയും വെങ്കലവും നേടി 118 പോയിന്റ്‌ നേടി പയ്യന്നൂർ. 28 പോയിന്റുമായി ഇരിക്കൂർ രണ്ടാം സ്ഥാനത്തും 20 പോയിന്റുമായി മട്ടന്നൂർ മൂന്നാം സ്ഥാനത്തുമാണ്. 2 സ്വർണവും 5 വെള്ളിയും മൂന്ന് വെങ്കലവും ഇരിക്കൂർ നേടി. 3 സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും മട്ടന്നൂർ നേടി. 
കോഴിച്ചാൽ ജിഎച്ച്എസ്എസ് 39 പോയിന്റ്‌ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. പ്രാപൊയിൽ ജിഎച്ച്എസ്എസ് 33 പോയിന്റ്‌ നേടി രണ്ടാം സ്ഥാനത്തും മാത്തിൽ ജിഎച്ച്എസ്എസ് 19 പോയിന്റ്‌ നേടി മൂന്നാം സ്ഥാനത്തുണ്ട്.
 
ആദ്യ ദിനം പിറന്നു 
8 റെക്കോഡുകൾ
തലശേരി
ജില്ലാ കായികമേളയിൽ ആദ്യദിനം പിറന്നത്  എട്ട്‌  റെക്കോഡുകൾ.  ജൂനിയർ ബോയ്സ് 110 മീറ്റർ ഹർഡിൽസിൽ കോഴിച്ചാൽ ജിഎച്ച്എസ്എസിലെ ആൽവിൻ സന്തോഷ് റെക്കോഡിട്ടു. 0.16.9 സെക്കൻഡ് ആണ് കുറിച്ചത്.  ജിഎച്ച്എസ്എസ് പ്രാപ്പൊയിലിലെ വി ജെ വിഷ്ണുവിന്റെ 0.16.38 സെക്കൻഡാണ് ആൽവിൻ മറികടന്നത്.
ജൂനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ  കണ്ണൂർ ജിവിഎച്ച്എസ്എസിലെ ടി വി ദേവശ്രീ റെക്കോഡ് നേടി. 0.15.83 സെക്കൻഡാണ് പുതിയ റെക്കോഡ്. ജിഎച്ച്എസ്എസ് പ്രാപ്പൊയിലിലെ അലൻ രാജേഷിന്റെ 0.16.00 സെക്കൻഡാണ് ദേവശ്രീ മറികടന്നത്.
ഹാമർ ത്രോ സീനിയർ വിഭാഗത്തിൽ മാലൂർ ജിഎച്ച്എസ്എസിലെ എം സഞ്ജയ് 37.84 മീറ്റർ ദൂരം എറിഞ്ഞ് റെക്കോഡിട്ടു. മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസിലെ പി സായന്തിന്റെ 34.75 മീറ്റർ ആണ് തിരുത്തിയത്. പിണറായി എ കെ ജി ജിഎച്ച്എസ്എസിലെ എം ഹരിനന്ദും സായന്തിന്റെ ദൂരം മറികടന്ന് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
 സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ  പിണറായി എ കെ ജി എംജി എച്ച്എസ്എസിലെ ഋതുനന്ദ് ശ്രീധർ 0.11.12 സെക്കൻഡിൽ ഓടിയെത്തി. മോറാഴ  ജിഎച്ച്എസിലെ  പി പി വിനീതിന്റെ 0.11.20 സെക്കൻഡാണ് തിരുത്തിയത്.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ സായി സെന്ററിലെ ഇവാന ടോമി 0.12.63 സെക്കൻഡിൽ റെക്കാഡിട്ടു.  സായി സെന്ററിലെ ഇ കെ തേജാലക്ഷ്മിയുടെ 0.12.66 എന്ന റെക്കോഡാണ് മറികടന്നത്. 
800 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിച്ചാൽ ജിഎച്ച്എസ്എസിലെ സൂരജ് രവിദാസ് റെക്കോഡിട്ടു. 2.4.71 സെക്കൻഡ് ആണ് പുതിയ സമയം. മാലൂർ ജിഎച്ച്എസ്എസിലെ പി പി അമലിന്റെ 2.07.61 സെക്കൻഡാണ് തിരുത്തിയത്.  800 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിച്ചാൽ ജിഎച്ച്എസ്എസിലെ എം അനികേത് 1.59.91 സെക്കൻഡിൽ റെക്കോഡിട്ടു. എളയാവൂർ സിഎച്ച്എംഎച്ച്എസ്എസിലെ വിഷ്ണു ബിജുവിന്റെ 2.01.52 സെക്കൻഡാണ് തിരുത്തിയത്. മുഴപ്പിലങ്ങാട്  ജിഎച്ച്എസ്എസിലെ സങ്കീർത്ത് വിനോദും വിഷ്ണുവിന്റെ ദൂരം മറികടന്നാണ്  രണ്ടാംസ്ഥാനം നേടിയത്. 
ഹാമർ ത്രോ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മണിക്കടവ് സെന്റ്‌ തോമസ് എച്ച്എസ്എസിലെ എം എസ് നിവേദ്യ റെക്കോഡിട്ടു. 33.33 മീറ്റർ ദൂരത്തിലെറിഞ്ഞാണ് റെക്കോഡിട്ടത്. കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഗ്രേസ് മേരി സന്തോഷിന്റെ 31.96 മീറ്റർ റെക്കോഡാണ് തിരുത്തിയത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top