23 December Monday

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
ഇരിട്ടി
ക്ഷീരസംഘം മാതൃകയിൽ റബർ പാലളന്ന്‌ കർഷകരിൽനിന്ന്‌ ശേഖരിച്ച്‌ ഗ്രേഡ് റബർ ഷീറ്റാക്കി മാറ്റുന്ന ജില്ലയിലെ ആദ്യത്തെ സഹകരണ റബർ ഫാക്ടറി കിളിയന്തറ നിരങ്ങൻചിറ്റയിൽ പ്രവർത്തനക്ഷമമായി. അടുത്തയാഴ്‌ച  ഉദ്‌ഘാടനം ചെയ്യും. കിളിയന്തറ സർവീസ്‌ സഹകരണ ബാങ്കാണ്‌ നിരങ്ങൻചിറ്റയിൽ  വാങ്ങിയ അരയേക്കർ സ്ഥലത്ത്‌ നിർമിച്ച ഫാക്ടറിയിൽ നൂതന സംരംഭം ആരംഭിക്കുന്നത്‌. രണ്ടുകോടി രൂപയുടേതാണ്‌ പദ്ധതി.
  കർഷകരിൽനിന്ന്‌  റബർപാൽ  വാങ്ങി നിരങ്ങൻചിറ്റ ഫാക്ടറിയിൽ സംഭരിക്കും. ആർഎസ്‌എസ്‌ ഗ്രേഡ്‌ നാലിനം ഷീറ്റടിക്കാനുള്ള ഉപകരണങ്ങൾ ഫാക്ടറിയിലുണ്ട്‌. പാൽ ഉറയൊഴിച്ച്‌ തത്സമയം ഷീറ്റാക്കി മാറ്റും. ഷീറ്റിന്‌ തൂക്കത്തോതിൽ മാർക്കറ്റ്‌ വില  പത്തുദിവസം കൂടുമ്പോൾ  നൽകും. ലാറ്റക്സ്‌ ഷീറ്റാക്കി മാറ്റുന്ന വ്യക്തിഗത ചെലവ്‌ കുറയ്‌ക്കാനും മേത്തരം ഷീറ്റ്‌ ലഭ്യമാക്കി ഉയർന്ന വില കർഷകർക്ക്‌ നൽകാനുമാണ്‌  സംരംഭം തുടങ്ങുന്നതെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ വി കെ ജോസഫ്‌, സെക്രട്ടറി എൻ അശോകൻ എന്നിവർ പറഞ്ഞു. 
 ഉദ്‌ഘാടനം കഴിയുന്നതോടെ റബർ കാർഷിക മേഖലയിലെ കർഷകർക്കാകെ പ്രയോജനപ്പെടുന്ന തരത്തിൽ ഫാക്ടറി പ്രവർത്തനം വിപുലപ്പെടുത്തും. പ്രതിദിനം 2000 ലിറ്റർ ലാറ്റക്സ്‌ ഗ്രേഡ്‌ ഷീറ്റാക്കാനുള്ള ശേഷിയുണ്ട്‌ ഫാക്ടറിക്ക്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top