22 December Sunday
പൊലീസുകാരിയുടെ കൊലപാതകം

പഴുതടച്ച്‌ പരിശോധന; മണിക്കൂറുകള്‍ക്കകം പ്രതി വലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
കണ്ണൂർ
സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന്‌ രക്ഷപ്പെട്ട പ്രതിയെ  മണിക്കൂറുകൾക്കകം വലയിലാക്കി കണ്ണൂർ പൊലീസ്. കൊലപാതക വിവരം അറിഞ്ഞയുടൻ ജാഗ്രതയോടെ പ്രവർത്തിച്ച പൊലീസ് പ്രതിയെ പിടികൂടിയത് പുതിയതെരുവിലെ ബാറിൽനിന്ന്.  
വ്യാഴം വൈകിട്ട് 5.45നാണ് കരിവെള്ളൂർ പലിയേരിക്കൊവ്വലിലെ വീട്ടിൽ സിവിൽ പൊലീസ്‌ ഓഫീസർ ദിവ്യശ്രീ കൊല്ലപ്പെട്ടത്‌. ഭർത്താവ്‌ രാജേഷ്‌ വീട്ടിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു. സംസാരിക്കാനെന്നുപറഞ്ഞ്‌ പുറത്തേക്കുവിളിച്ചശേഷമായിരുന്നു ആക്രമണം. കൊലപാതക വിവരമറിഞ്ഞയുടൻ പയ്യന്നൂർ പൊലീസ്‌  ജില്ലയിലെ എല്ലാ പൊലീസ്‌ സ്‌റ്റേഷനുകൾക്കും വിവരം കൈമാറിയിരുന്നു. പ്രതി രാജേഷിന്റെ ഫോട്ടോ സഹിതമായിരുന്നു ഇത്‌. വിവരം ലഭിച്ചശേഷം പയ്യന്നൂർഭാഗത്തുനിന്ന്‌  വന്ന ബസ്സടക്കമുള്ള വാഹനങ്ങൾ കണ്ണൂരിൽ പൊലീസ്‌ പരിശോധിച്ചു. താവക്കര ബസ്‌സ്‌റ്റാൻഡിലും ബസ്‌ ജീവനക്കാരോടും യാത്രക്കാരോടും രാജേഷിന്റെ  ഫോട്ടോ കാണിച്ച്‌ വിവരങ്ങൾ ആരാഞ്ഞു. ഇതിനിടെയാണ്‌ ഫോട്ടോയിലുള്ളയാളുമായി സാദൃശ്യമുള്ളയാൾ പുതിയതെരുവിൽ ഇറങ്ങിയതായി ബസ്‌ ജീവനക്കാർ പൊലീസിനോട്‌ പറഞ്ഞത്‌. ഉടൻ കണ്ണൂർ ടൗൺ പൊലീസ്‌ വളപട്ടണം സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതിയുടെ ടവർ ലൊക്കേഷൻ പുതിയതെരുവിലെ ബാറിലാണെന്ന്‌ പൊലീസ്‌ കണ്ടെത്തി. വളപട്ടണം പൊലീസും കണ്ണൂർ ടൗൺ പൊലീസും പുതിയതെരുവിലും പരിസരത്തും നടത്തിയ പരിശോധനയിലാണ്‌ മദ്യപിക്കുന്നതിനിടെ ബാറിൽവച്ച്‌ രാജേഷിനെ പിടികൂടിയത്‌. കസ്‌റ്റഡിയിലെടുത്ത ഇയാളെ വളപട്ടണം സ്‌റ്റേഷനിലേക്ക്‌ എത്തിച്ചശേഷം പയ്യന്നൂർ പൊലീസിന്‌ കൈമാറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top