തളിപ്പറമ്പ്
നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിവലിന് വെള്ളിയാഴ്‌ച സ്‌ത്രീകളുടെ രാത്രി നടത്തത്തോടെ തുടക്കമാകും. വൈകിട്ട് ഏഴിന് കോൾമൊട്ടയിൽ നടി മാലാ പാർവതി ഉദ്ഘാടനംചെയ്യും. ധർമശാലയിൽ സമാപിക്കും. രാത്രി എട്ടിന് കലാപരിപാടികൾ.
ശനി വൈകിട്ട് നാലിന് ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്‌റ്റിവൽ ഉദ്‌ഘാടനംചെയ്യും. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. 6.30-ന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാന്റ് ഷോ. 31വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലാണ് പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ അരങ്ങേറുക.
25-ന് വൈകിട്ട് 6.30-ന് ശരീര സൗന്ദര്യ പ്രദർശനം. ഏഴിന് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം. എട്ടിന് ഊരാളി ബാന്റിന്റെ ആട്ടവും പാട്ടും പരിപാടി. 26-ന് വൈകിട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവർകോവിൽ സാംസ്‌കാരിക സായാഹ്നം ഉദ്‌ഘാടനംചെയ്യും. കവി ബാലചന്ദ്രൻ ചുള്ളിക്കാടും ജി എസ് പ്രദീപും സംസാരിക്കും. 6.30-ന് ജി എസ് പ്രദീപിന്റെ ഷോ അറിവുത്സവം. എട്ടിന് കലാമണ്ഡലം കലാകാരികളുടെ നൃത്തപരിപാടി.
27-ന് വൈകിട്ട് 6.30-ന് നഗരസഭാ സ്‌റ്റേഡിയത്തിൽ ഉത്തരേന്ത്യൻ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം. എട്ടിന് എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ ചങ്ങനാശേരി അണിയറ തിയറ്റേഴ്‌സിന്റെ നാടകം- ‘നാലുവരിപ്പാത’.
28-ന് വൈകിട്ട് ആറിന് മന്ത്രി ജെ ചിഞ്ചുറാണി സാംസ്‌കാരിക സായാഹ്നം ഉദ്‌ഘാടനംചെയ്യും. 6.30ന് നഗരസഭാ സ്റ്റേഡിയത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകാംഗ നാടകം- ‘പെൺനടൻ ’. എട്ടിന് റാസയും ബീഗവും ചേർന്നൊരുക്കുന്ന ‘ഗസൽ രാവ്’.
29-ന് വൈകിട്ട് 6.30-ന് പട്ടുറുമാൽ റീലോഞ്ചിങ് അരങ്ങേറും. മന്ത്രി മുഹമ്മദ് റിയാസ് സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനംചെയ്യും. വൈകിട്ട് 6.30ന് എൻജിനിയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ കൊച്ചി ചൈത്ര താര തിയറ്റേഴ്‌സിന്റെ നാടകം -‘ഞാൻ ’. രാത്രി 8.30-ന് മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്ത പരിപാടി -‘ മനുഷ്യനാകണം’ .
30-ന് രാത്രി ഏഴിന് നഗരസഭ സ്‌റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. എട്ടിന് സമ്മാന സായാഹ്നവും മണ്ഡലത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. ഒമ്പതിന് നഗരസഭാ സ്‌റ്റേഡിയത്തിൽ നടി നവ്യാ നായരുടെയും സംഘത്തിന്റെയും നൃത്ത പരിപാടി. 31-ന് വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. രാത്രി ഒമ്പതിന് പിന്നണി ഗായകൻ സച്ചിൻ വാരിയരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി പുതുവർഷപ്പിറവിയിൽ അവസാനിക്കും.
എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ പുസ്‌കോത്സവം, പ്രദർശനം, ചിൽഡ്രൻസ് അമ്യൂസ്‌മെന്റ് പാർക്ക്, ഫ്ലവർഷോ, ഫുഡ് കോർട്ട്, കൈത്തറി മേള എന്നിവ നടക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..