22 December Sunday
മഞ്ഞപ്പിത്തം

ജില്ല മുഴുവൻ
ഉറവിട പരിശോധന

സ്വന്തംലേഖികUpdated: Sunday Dec 22, 2024

 

കണ്ണൂർ
മഞ്ഞപ്പിത്ത വ്യാപനം തടയാൻ ആരോഗ്യവകുപ്പ്‌ നടത്തുന്ന  ഉറവിടപരിശോധന ജില്ല മുഴുവൻ വ്യാപിപ്പിക്കും. ജനുവരി ഒന്നുമുതൽ  ഏഴുവരെ ക്ലോറിനേഷൻ വാരം ആചരിക്കും.  വീടുകളിലെയും പൊതുയിടങ്ങളിലെയും  കിണറുകളും ക്ലോറിനേറ്റ്‌ ചെയ്യാനുള്ള ജനകീയ പരിപാടിയാണ്‌ ആരോഗ്യവകുപ്പ്‌ നടപ്പാക്കുന്നത്‌. മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാനുള്ള പരിപാടിയുമായി  ജനം സഹകരിക്കണമെന്ന്‌  ജില്ലാ മെഡിക്കൽ ഓഫീസർ പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ ജില്ലയിലെ വീടുകളിലെ ഭൂരിഭാഗം കിണറുകളും ഇ കോളി ബാക്ടീരിയ മൂലം മലിനമാണ് എന്ന്‌ കണ്ടെത്തിയിട്ടുണ്ട്.  സ്ഥലം കുറവായതിനാൽ കിണറും സെപ്റ്റിക് ടാങ്കും അടുത്തടുത്ത്‌ സ്ഥിതി ചെയ്യുന്നതാണ്‌ കാരണം. 20 മീറ്റർ  ദൂരത്തിൽ സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്ന വീട്ടിലെ കിണറിൽ പോലും വിസർജ്യത്തിൽ കാണപ്പെടുന്ന ഇ കോളിയുടെ  സാന്നിധ്യം കണ്ടെത്തി. ഈ സാഹചര്യത്തിലാണ്‌ ജില്ല മുഴുവൻ ഉറവിടപരിശോധന വ്യാപിപ്പിക്കുന്നത്‌. 
തളിപ്പറമ്പ്‌ മാതൃക പിന്തുടരും
തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ മുഴുവൻ നഗരങ്ങളിലെയും കുടിവെള്ള സ്രോതസുകളെ കുറിച്ച് അന്വേഷിക്കും. നഗരങ്ങളിലെയും നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപത്തെയും കിണറുകളിലെ വെള്ളം പരിശോധിക്കും.  നഗരങ്ങളിലുൾപ്പെടെയുള്ള കടകളിൽനിന്നും മറ്റും ജ്യൂസ്‌, ഐസ് എന്നിവ ഉണ്ടാക്കുന്നത് തിളപ്പിച്ചാറ്റിയ വെള്ളത്തിലാവണമെന്ന്‌ നിർദേശിക്കും.  ഹോട്ടലുകളിൽനിന്ന്‌ ഭക്ഷണത്തോടൊപ്പം നൽകുന്ന കുടിവെള്ളത്തിൽ ചൂട് കുറയ്‌ക്കാൻ പച്ചവെള്ളം കലർത്തുന്നത് കർശനമായി വിലക്കും. ഹെൽത്ത് കാർഡുകൾ ഇല്ലാതെ ജീവനക്കാരെ ജോലിക്കെടുക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം തടയും.തളിപ്പറമ്പിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ഉറവിട പരിശോധനയും ബോധവൽക്കരണ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പ്‌ ഊർജിതമാക്കി. മഞ്ഞപ്പിത്ത കേസുകൾ  റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒമ്പത് വാർഡിൽ  400 ഓളം വീടുകൾ ആരോഗ്യപ്രവർത്തകർ   സന്ദർശിച്ചു. നഗരത്തിൽ കുടിവെള്ളം വിതരണംചെയ്യുന്ന മറ്റ് അഞ്ച്‌ ഏജൻസികളുടെ കുടിവെള്ളം കൂടി പരിശോധിക്കാൻ നഗരസഭക്ക് ആരോഗ്യവകുപ്പ് കത്ത് നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top