കണ്ണൂർ> ജ്ഞാനപീഠം കിട്ടാനുള്ള എളുപ്പമാർഗം ദൈവങ്ങളെക്കുറിച്ച് നോവൽ എഴുതലാണെന്ന് എം മുകുന്ദൻ. മനുഷ്യരുടെ പ്രശ്നം എഴുതിയാൽ പുരസ്കാരം ലഭിക്കില്ല. ഇതാണ് യാഥാർഥ്യം. ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ കണ്ണൂർ ലിറ്റററിഫെസ്റ്റിൽ എംബസിക്കാലം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഇ പി രാജഗോപാലുമായി നടത്തിയ സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ ഏറെയാണെങ്കിലും അതുമനസിലാക്കാതെ അസഭ്യം പറയാനാണ് ഉപയോഗിക്കുന്നത്. ഇവ കാണുമ്പോൾ മനസമാധാനം നഷ്ടപ്പെടുന്നു. സമൂഹമാധ്യമങ്ങൾക്ക് ഗുണവും ദോഷവും ഉണ്ട്. സാഹിത്യത്തെ വളർത്തുന്നത് ഇപ്പോൾ സമൂഹമാധ്യമങ്ങളാണ്. അതിനാൽ അടച്ചാക്ഷേപിക്കാതെ ശുദ്ധീകരണമാണ് വേണ്ടതെന്നും മുകുന്ദൻ പറഞ്ഞു.
സി ഭാഗ്യനാഥ് ചിത്രകലയെ കുറിച്ച് സംസാരിച്ചു. ‘സ്ത്രീകൾ എഴുതുമ്പോൾ, വായിക്കുമ്പോൾ’ വിഷയത്തിൽ നടന്ന ചർച്ചയിൽ ഇന്ദുമേനോൻ, എസ് സിതാര, ഷീലാടോമി, ജിസാജോസ് എന്നിവർ പങ്കെടുത്തു. പി മഞ്ജുള മോഡറേറ്ററായി. ‘സാംസ്കാരിക ഇടങ്ങളിലെ ഇടപെടലുകൾ’ വിഷയത്തിൽ വത്സൻ കൂർമ്മ കൊല്ലേരി സംസാരിച്ചു. ജയൻ മാങ്ങാട് മോഡറേറ്ററായി. ‘എഴുത്ത് വായന വിവർത്തനം’ വിഷയത്തിൽ സി വി ബാലകൃഷ്ണൻ, എ വി പവിത്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..