കല്യാശേരി
‘ആരാണപ്പാ ഈ പ്ലാൻ ഉണ്ടാക്കിയത്’പുതിയ ദേശീയപാത നിർമാണത്തിൽ ധർമശാല കെൽട്രോൺ നഗർ–-കണ്ണപുരം റോഡിൽ അടിപ്പാതയൊരുക്കിയവർക്ക് കണ്ണില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ദേശീയപാത 66ന്റെ നിർമാണം അന്തിമഘട്ടത്തിലെത്തുമ്പോഴാണ് ധർമശാലക്ക് സമീപത്തെ അടിപ്പാത ബസുകൾക്ക് കെണിയായത്. നാലുമീറ്റർ വീതിയിലും മൂന്നരമീറ്റർ ഉയരവുമുള്ള അടിപ്പാതയുടെ നിർമാണമാണ് പൂർത്തിയാക്കിയത്. ഇത് തീർത്തും അശാസ്ത്രീയമാണ്.
ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് അടിപ്പാതവഴി കടന്നുപോകാൻ ചുരുങ്ങിയത് ഏഴുമീറ്റർ വീതിയും നാലുമീറ്റർ ഉയരവുമുള്ള അടിപ്പാത വേണം. 10 മീറ്റർ നീളവും 3.9 മീറ്റർ ഉയരവുമാണ് ശരാശരി ബസിന്റെ ഉയരം. സർവീസ് റോഡിൽനിന്ന് ബസ് വളച്ചെടുക്കാൻ ഇത്രയും സൗകര്യം ലഭിച്ചാൽപോലും
പ്രയാസം. കെൽട്രോൺ നഗറിൽ നിലവിൽ നിർമിച്ചത് നാലുമീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുള്ള അടിപ്പാത. 23 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടിലാണ് ബസ് കടന്നുപോകാൻ പാകത്തിലല്ലാത്ത അടിപ്പാത അനുവദിച്ചത്. ആദ്യം ദേശീയപാത അധികൃതർ പുറത്തുവിട്ട വിശദപദ്ധതി രേഖയിൽ ധർമശാലയിലെ 70 മീറ്റർ നീളത്തിലുള്ള മേൽപ്പാലത്തിനായിരുന്നു അംഗീകാരം. കണ്ണൂർ സർവകലാശാല ക്യാമ്പസ്, സ്പോർട്‌സ് സ്കൂൾ, സെൻട്രൽ സ്കൂൾ, കെസിസിപിഎൽ മൈസോൺ, ഐടിപാർക്ക്, നീലിയാർ കോട്ടം, കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനം, വെള്ളിക്കീൽ ഇക്കോപാർക്ക്, കണ്ണപുരം റെയിൽവേ സ്റ്റേഷൻ, മാട്ടൂൽ, പഴയങ്ങാടി ഭാഗത്തെ നിരവധി കോളേജുകൾ എന്നി വിടങ്ങളിലേക്ക് ദേശീയപാതയിൽനിന്നും എളുപ്പത്തിൽ കടക്കാനുള്ള പ്രധാന മാർഗമാണിത്. 200 ലേറെ തൊഴിലാളികളുള്ള കല്യാശേരി വീവേഴ്സ് സൊസൈറ്റി, കെൽട്രോൺ, കെടിഡിസി ഫോക് ലാൻഡ്, എഫ്സിഐ ഗോഡൗൺ, എന്നിവിടങ്ങളിലേക്കുള്ള വലിയ വാഹനങ്ങളുടെ യാത്ര ഇതോടെ തടസമായി. അടിപ്പാത ഒരുക്കിയില്ലെങ്കിൽ ബസുകൾക്ക് കണ്ണപുരം റോഡിലേക്ക് കടക്കാൻ അഞ്ചുകിലോമീറ്റർ ചുറ്റണം. കണ്ണപുരത്ത് റെയിൽവേ ഗേറ്റുള്ളതിനാൽ സർവീസുകൾ താളംതെറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..