26 December Thursday
എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷാ നടത്തിപ്പ്‌

തയ്യാറെടുപ്പ്‌ ഊർജിതം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കണ്ണൂർ

കോവിഡ്‌ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌സി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ ജില്ലയിൽ സജീവം. 26 മുതൽ 30 വരെയാണ്‌ പരീക്ഷകൾ നടക്കുക. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ വിവിധ തലങ്ങളിലുള്ള യോഗങ്ങൾ പുരോഗമിക്കുകയാണ്‌. 
ജില്ലയിൽ 33,751 വിദ്യാർഥികളാണ്‌ എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നത്‌. മൂന്ന്‌ പരീക്ഷകളാണ്‌ ബാക്കിയുള്ളത്‌.  ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയെഴുതുന്നത്‌   33,503 പേരും രണ്ടാംവർഷ പരീക്ഷയെഴുതുന്നത്‌ 33,924 പേരും വിഎച്ച്‌എസ്‌എസ്‌ 2900 പേരും പരീക്ഷ എഴുതും‌. ഓൺലൈൻ രജിസ്‌ട്രേഷനു പുറമെയുള്ള കണക്കാണിത്‌. 
198 വിദ്യാലയങ്ങളിലാണ്‌ എസ്‌എസ്‌എൽസി പരീക്ഷ നടക്കുന്നത്‌. സ്‌കൂൾ പിടിഎ മുതൽ ജില്ലാ വിദ്യാഭ്യാസസമിതിയടക്കമുള്ള യോഗങ്ങൾ ശനിയാഴ്‌ച പൂർത്തിയാകുമെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ മണിയൂർ പറഞ്ഞു.  ഒരു പരീക്ഷാഹാളിൽ 20 കുട്ടികളെ മാത്രമേ ഇരുത്തു. ഫയർഫോഴ്‌സിന്റെയും പിടിഎയുടെയും  സഹായത്തോടെ ക്ലാസ്റൂം അണുവിമുക്തമാക്കൽ നടപടികൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.  
പരീക്ഷയെഴുതുന്ന കുട്ടികൾക്കായി ഒരു ലക്ഷം മാസ്‌കുകളാണ്‌ സർവശിക്ഷാ കേരളയും നാഷണൽ സർവീസ്‌ സ്‌കീമും ചേർന്ന്‌ തയ്യാറാക്കുന്നത്‌. ഇവ ബിആർസി വഴി വിതരണം ചെയ്യും. 
കുട്ടികളുടെ യാത്രാസൗകര്യം സംബന്ധിച്ച കാര്യങ്ങളറിയാൻ പ്രധാനാധ്യാപകർ കുട്ടിയുമായി സംസാരിക്കും. സ്വകാര്യ വാഹനം, സ്‌കൂൾ വാഹനം, പ്രദേശത്തെ യുപി, എൽപി  സ്‌കൂളുകളുടെ വാഹനം, കെഎസ്‌ആർടിസി തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ സജ്ജീകരണം ഒരുക്കും. 
ആരോഗ്യസുരക്ഷാ നിർദേശങ്ങൾ പാലിച്ചായിരിക്കും പരീക്ഷാനടപടികൾ. പരീക്ഷാഹാളിൽ ഇൻവിജിലേറ്റർമാരുടെ ചുമതല വഹിക്കേണ്ട അധ്യാപകരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കുന്നതിൽ പ്രധാനാധ്യാപകന്‌ തീരുമാനമെടുക്കാം. 
ഹോട്ട്‌ സ്‌പോട്ടുകളിൽനിന്ന്‌ എത്താൻ പ്രയാസമുള്ള അധ്യാപകർക്ക്‌ പകരം അധ്യാപകരെ നിയോഗിക്കാൻ ഡിഇമാരുടെയും എഇഒമാരുടെയും സഹായം തേടാനും അനുമതിയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top