26 December Thursday

ക്വാറന്റൈൻ കേന്ദ്രങ്ങൾക്കെതിരെ നുണപ്രചാരണം

പ്രത്യേക ലേഖകൻUpdated: Saturday May 23, 2020

കണ്ണൂർ

വിദേശരാജ്യങ്ങളിൽനിന്നെത്തുന്ന മലയാളികൾക്കായി സർക്കാർ ഒരുക്കുന്ന മികവാർന്ന ക്വാറന്റൈൻ സൗകര്യങ്ങളെ ഇകഴ്‌ത്തിക്കാട്ടാൻ സംഘടിത നുണപ്രചാരണം. സൗകര്യങ്ങളില്ലാത്ത സ്ഥലത്ത്‌‌ താമസം ഒരുക്കുന്നുവെന്നും ഭക്ഷണം മോശമാണെന്നും മറ്റുമാണ്‌ ചില കുബുദ്ധികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്‌.
കണ്ണൂർ, തലശേരി, തളിപ്പറമ്പ്‌, ധർമശാല, പയ്യന്നൂർ, മട്ടന്നൂർ  തുടങ്ങിയ പ്രധാന പട്ടണങ്ങളിലെ ഹോട്ടലുകളും ഹോസ്‌റ്റലുകളും മറ്റുമാണ്‌ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനായി സജ്ജമാക്കിയിട്ടുള്ളത്‌. ആഴ്‌ചകൾക്കു മുമ്പു തന്നെ ഇവ ഏറ്റെടുത്ത്‌ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിരുന്നു. അതത്‌ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ നല്ല ഭക്ഷണമാണ്‌ നൽകുന്നത്‌. നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറന്റൈനിലെ സൗകര്യങ്ങളെ ശ്ലാഘിച്ച്‌  സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്‌. 
എന്നാൽ, വസ്‌തുകൾ മറച്ചുവച്ച്‌  രാഷ്ട്രീയപ്രേരിതമായ നുണക്കഥകളാണ്‌ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്‌. പയ്യന്നൂരിലെ ഒരു ലോഡ്‌ജിനെക്കുറിച്ച്‌  പ്രചരിക്കുന്ന ആരോപണങ്ങൾ ഇവിടെ ക്വാറന്റൈനിൽ കഴിയുന്ന യുവാവ്‌  തന്നെ പ്രചാരണം വസ്‌തുതാവിരുദ്ധമാണെന്ന്‌ വ്യക്തമാക്കുകയുണ്ടായി.
കള്ളക്കഥയുമായി ലീഗ്‌ നേതാവും
മുസ്ലിംലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഐആർപിസിക്കെതിരെയാണ്‌ വാളെടുക്കുന്നത്‌. കണ്ണൂരിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിക്ക്‌ ഭക്ഷണമെത്തിക്കാൻ പോയ യൂത്ത്‌ലീഗ്‌ പ്രവർത്തകരെ ഐആർപിസിക്കാർ തടഞ്ഞെന്നാണ്‌ ആരോപണം.
 കലക്ടറുടെ അനുവാദത്തോടെ ചെന്നപ്പോഴും സമ്മതിച്ചില്ലെന്നു പറയുന്ന ചേലേരി ഐആർപിസിയെയും ഭാരവാഹികളെയും   ആക്ഷേപിക്കുന്നു. 
ലീഗ്‌ നേതാവിന്റെ  ആരോപണം വസ്തുതകൾ മനസിലാക്കാതെയാണെന്ന്‌ ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ പ്രതികരിച്ചു. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ക്വാറന്റൈനിൽ കഴിയുന്ന  എല്ലാ പ്രവാസികൾക്കും ഭക്ഷണം നൽകുന്നത് കോൺഗ്രസും ലീഗും ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനാണ്. ഇത്  എത്തിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്വം മാത്രമേ ഐആർപിസി വളണ്ടിയർമാരടക്കമുള്ള കെയർടേക്കർമാർക്കുള്ളൂ. ജില്ലാ അധികൃതരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ്‌ അവർ പ്രവർത്തിക്കുന്നത്‌. ആരെങ്കിലും എത്തിച്ചു കൊടുക്കുന്ന വസ്‌തുക്കൾ, പ്രത്യേകിച്ച് പാകം ചെയ്ത ഭക്ഷ്യവസ്‌തുക്കൾ നൽകാൻ കെയർടേക്കർമാർ ബാധ്യസ്ഥരല്ല. യൂത്ത് ലീഗുകാർ ഭക്ഷണപദാർഥങ്ങൾ കോർപ്പറേഷനിലെ  കമ്യൂണിറ്റി കിച്ചണിൽ എത്തിക്കുകയാണു വേണ്ടതെന്നും പി ജയരാജൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top