കാങ്കോൽ
അറിവാകുന്ന ആകാശത്ത് ഉയർന്നുപറക്കണമെന്ന് വിദ്യാർഥികളെ ഓർമിപ്പിച്ച് ഏറ്റുകുടുക്ക എയുപി സ്കൂളിൽ ‘വിമാനമിറങ്ങി’. എയർ ഇന്ത്യ വിമാനത്തിന്റെ മാതൃകയിൽ പെയിന്റടിച്ച് ഭംഗിയാക്കിയ സ്കൂൾ കെട്ടിടം ഇപ്പോൾ കുട്ടികൾക്കും നാട്ടുകാർക്കും ഒരുപോലെ കൗതുകമാണ്.
കഴിഞ്ഞ മാസം സ്പീക്കർ എ എൻ ഷംസീറാണ് കെട്ടിടം ഉദ്ഘാടനംചെയ്തത്. ഇരുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയാണ് പൂർണമായും ഒരു വമ്പൻ വിമാനത്തിന്റെ മാതൃകയിൽ പെയിന്റടിച്ചത്. ചിറകുകളും ജനാലകളും വാതിലുമെല്ലാം ഒറിജിനലിനെ വെല്ലും. പറക്കാൻ ആകാശവും ചുറ്റും മേഘങ്ങളുമുണ്ട്. ഒരു ചുവരിൽ തീരുന്നതല്ല ഇവിടുത്തെ കൗതുകം. ഒരിടത്ത് വിമാനമാണെങ്കിൽ വേറൊരിടത്ത് ബുള്ളറ്റ് ട്രെയിനാണ്. മൂന്നാമത്തെ കെട്ടിടത്തിലൊളിപ്പിച്ചവ കാഴ്‌ചക്കാരെ അമ്പരപ്പിക്കും. പെൻസിലിന്റെ ആകൃതിയിലാണ് തൂണുകൾ. ചുവരുകൾ പുസ്തകങ്ങളും. മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റലാണ്. ബഷീർ പൂങ്കാവനം, പാർക്ക്, എഴുത്തച്ഛൻ ലൈബ്രറി തുടങ്ങിയവ കാണുന്ന ആരെയും ഒരു തവണകൂടി ഒന്നാംക്ലാസിലേക്ക് ആകർഷിക്കും. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ അടിമുടി മികവുയർത്തിയ പൊതുവിദ്യാലങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കുകയാണ് ഏറ്റുകുടുക്ക എയുപി സ്കൂളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..