22 November Friday

സമയംതെറ്റാതെ വിരിഞ്ഞൂലോ പത്തുമണിപ്പൂവ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

പട്ടുവം യുപി സ്‌കൂളിലെ ദർഷിതിന്റെ ഡയറികുറിപ്പ്‌

തളിപ്പറമ്പ്‌
കുട്ടിത്തങ്ങളുടെ നിഷ്‌കളങ്കത നിറഞ്ഞ താളുകളാൽ അതിശയിപ്പിക്കുന്നുണ്ട്‌ സർഗാത്മക ഡയറികൾ. പട്ടുവം യുപി സ്‌കൂളിലെ ഒരു ഡയറിക്കുറിപ്പ്‌  ഇങ്ങിനെ. ‘‘വീടിനടുത്തുള്ള അമ്മു ഏച്ചിയുടെ പശു അസുഖം ബാധിച്ച്‌ ചത്തുപോയി. പാവം പശു. എനിക്ക്‌ സങ്കടമായി. ഞാൻ എന്റെ പശുവിനെ നോക്കാൻ അമ്മയുടെ കൂടെ കണ്ടത്തിൽപോയി. അവിടെ പശു പുല്ല്‌ തിന്നുന്നത്‌ കണ്ടു. എനിക്ക്‌ സമാധാനമായി’’–രണ്ടാം ക്ലാസുകാരൻ -എൻ ദർഷിതിന്റെ എഴുത്തിൽ അയൽപക്കത്തോടുള്ള ഇഴയടുപ്പവും മനുഷ്യർക്കൊപ്പം സഹജീവികളോടുള്ള സ്‌നേഹവും തുള്ളിത്തുളുമ്പുന്നു. നിയാ കല്യാണിയാകട്ടെ വീട്ടുമുറ്റത്ത്‌ കാത്തിരുന്ന്‌ വിരിഞ്ഞ പത്തുമണിപ്പൂവ്‌ സമയനിഷ്‌ഠ പാലിച്ചോ എന്നറിയാൻ ക്ലോക്കിന്‌ മുന്നിലേക്ക്‌ ഓടിപ്പോയ അനുഭവമാണ്‌ പകർത്തിയത്‌. ചുറ്റുമുള്ള കൗതുകങ്ങളെ കുഞ്ഞിക്കണ്ണാൽ നിരീക്ഷിച്ചും സ്വയം കണ്ടെത്തിയും അതിനെ അക്ഷരപ്പൂക്കളാക്കുന്നു അവർ. ഇങ്ങനെ പറഞ്ഞാൽ തീരാത്ത കുഞ്ഞുകുഞ്ഞുസന്തോഷങ്ങൾ തുന്നിച്ചേർത്ത കൗതുകമാണ്‌ സർഗാത്മക ഡയറികൾ.
ക്ലാസ്‌മുറിക്ക്‌ പുറത്തെ വലിയൊരു ലോകമുണ്ട്‌ പലതിലും. നിസ്സാരമെന്ന്‌ മുതിർന്നവർ കരുതുന്നവപോലും ആകാശത്തോളം ‘വലുതാ’യി അവിടെ കാണാം. സമഗ്രശിക്ഷാ കേരളയ്‌ക്ക്‌ കീഴിൽ ബിആർസി പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നിലെ പഠനാനുബന്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ്‌ ഈ പ്രവർത്തനവും. അക്ഷരങ്ങൾ കൂട്ടിയെഴുതാനും ആശയങ്ങളെ അവതരിപ്പിക്കാനും ചിത്രീകരിക്കാനുമായി, ഒന്നിൽ അമ്മമാർക്കൊപ്പം ചേർന്ന്‌ സംയുക്ത ഡയറിയെഴുത്തായിരുന്നു. ആ മികവിനെ സർഗാത്മകമായി അവതരിപ്പിക്കാനാണ്‌ രണ്ടിലെ ശ്രമം. ഇവിടെ പക്ഷേ, എഴുത്തിനും വരയ്‌ക്കും കൂട്ട്‌ അമ്മമാരല്ല, അവരവരുടെതന്നെ സർഗശേഷികളാണെന്ന്‌ ക്ലാസ്‌ ടീച്ചറായ ടി വി രമ്യ ഭാസ്‌കരന്റെ സാക്ഷ്യം. രണ്ട്‌ ഡിവിഷനിലായി രണ്ടിലെ 43 കുട്ടികളുടെ രചനകളും ഒന്നിനൊന്ന്‌ മികച്ചതാണ്‌. അമ്പരപ്പിക്കുന്ന ആശയങ്ങളും ചിത്രങ്ങളും സഹിതമാണവ രമ്യ പറയുന്നു.
ഓരോ ദിവസവും കാണുന്നതോ അറിയുന്നതോ ആയ അനുഭവമാണ്‌ ഡയറിയിൽ പകർത്തേണ്ടത്‌. അതിന്‌ കഥയെന്നോ, കവിതയെന്നോ ചിത്രമെന്നോയില്ല. രക്ഷിതാക്കൾക്ക്‌ വേണമെങ്കിൽ സഹായിക്കാം. സർഗാത്മക വൈവിധ്യത്താൽ വിസ്‌മയിപ്പിക്കുന്നവയാണ്‌ പലരചനകളും. അധ്യയനവർഷം അവസാനിക്കുമ്പോഴേക്ക്‌ പഠനാനുഭവങ്ങളുടെയും സർഗാത്മകതയുടെയും അടയാളമായി അവരുടെ ‘പുസ്‌തകം’ മാറുമെന്ന്‌ തളിപ്പറമ്പ്‌ നോർത്ത്‌ ബ്ലോക്ക്‌ പ്രൊജക്ട്‌ കോ ഓഡിനേറ്റർ കെ ബിജേഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top