മട്ടന്നൂർ
മണ്ണൂരിൽ ജനവാസമേഖലയില്‍ പുലിവര്‍ഗത്തില്‍പ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ശനി രാത്രി ഏഴരയോടെയാണ് മണ്ണൂർപറമ്പിൽനിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ റോഡരികില്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ഉടൻ സമീപവാസികളെ അറിയിച്ചു. നഗരസഭാ അധികൃതരും നാട്ടുകാരും വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ജീവിയെ കണ്ടെത്താനായില്ല. തുടർന്നാണ് കഴിഞ്ഞദിവസം മണ്ണൂർഭാഗത്ത് ഇടവഴിയിൽ കാൽപ്പാട് കണ്ടതായി നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇടവഴിയിൽ കണ്ട 13 സെന്റിമീറ്റർ വ്യാസമുള്ള കാൽപ്പാടുകൾ പുലി വർഗത്തിൽപ്പെട്ട ജീവിയുടേത് തന്നെയാണെന്ന് വനംവകുപ്പ് ഓഫീസർ സി സുനിൽകുമാർ പറഞ്ഞു. ജീവിയെ കണ്ടതായി പറയുന്ന മണ്ണൂർപ്പറമ്പും കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശവും ഏക്കർകണക്കിന് വിസ്തൃതിയില്‍ കാടുപിടിച്ചുകിടക്കുന്ന മേഖലയാണ്. സമീപത്ത് നിരവധി വീടുകളുമുണ്ട്. ജനങ്ങള്‍ പുലർച്ചെയും രാത്രിയും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വനംവകുപ്പിന്റെ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ എൻ ഷാജിത്തും വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. കഴിഞ്ഞവര്‍ഷം അയ്യലൂരിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കണ്ണൂര്‍ വിമാനത്താവളം പരിസരത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..