26 December Thursday

കോർട്ട്‌ മാറി ഇനി കളി മാറും

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

കണ്ണൂർ ജിവിഎച്ച്എസ്എസിൽ (സ്പോർട്സ്) നിർമിച്ച ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടുകളുടെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി വി അബ്ദുറഹ്മാൻ പന്ത് ബാസ്കറ്റ് ചെയ്യുന്നു

കണ്ണൂർ‍
മികച്ച കായികതാരങ്ങളെ വാർത്തെടുക്കാൻ കണ്ണൂർ ജിവിഎച്ച്എസ് സ്പോർട്സിൽ സിന്തറ്റിക്ക് ബാസ്കറ്റ് ബോൾ കോർട്ടുകൾ സജ്ജം. ഞായറാഴ്ച കായികമന്ത്രി വി അബ്ദുറഹ്മാൻ കോർട്ടുകളുടെ  ഉദ്ഘാടനം നിർവഹിച്ചപ്പോൾ മികച്ച ഭൗതിക സാഹചര്യങ്ങളോടെയുള്ള കളിക്കളം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർഥികളും അധ്യാപകരും. കായിക വകുപ്പ് 2.69 കോടി രൂപ  ചെലവിട്ടാണ് ബാസ്കറ്റ് ബോൾ കോർട്ടുകളും സൈഡ് കവറിങ്‌ പ്രവൃത്തിയും  പൂർത്തീകരിച്ചത്. പോളി സിന്തറ്റിക്ക് സർഫസ് ആണ് കോർട്ടിലുള്ളത്.
അന്തർദേശീയ തലത്തിൽ മികവ് പ്രകടിപ്പിക്കാനാകുന്ന കായിക ഇനങ്ങളായ തയ്‌ക്വാൻഡോ, ബോക്സിങ്, ഗുസ്തി  തുടങ്ങിയ കായിക ഇനങ്ങൾ നിലവിൽ ഇവിടെ പരിശീലിപ്പിക്കുന്നു. ബോക്സിങ് റിങ്‌, തയ്‌ക്വാൻഡോമാറ്റ്, ഗുസ്തിമാറ്റ് എന്നിവ കോർട്ടിൽ ഒരുക്കിയിട്ടുണ്ട്.   നിലവിലെ ഓപ്പൺ ബാസ്കറ്റ്‌ കോർട്ടിലായിരുന്നു കുട്ടികളുടെ പരിശീലനം. ഇപ്പോൾ  ഇൻഡോർ സംവിധാനത്തിലേക്ക് മാറ്റി. സൈഡ് കവറിങ്‌ പ്രവർത്തിക്ക്‌ 2021ൽ 1.59 കോടി രൂപ കായികവകുപ്പ് അനുവദിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺ‍ട്രാക്ട്‌ കോ–- ഓപ്പറേറ്റീവ്  സൊസൈറ്റിയാണ് കരാറെടുത്തത്‌.
ഉടലെടുക്കും 
കായികപ്രതിഭകൾ
കായികമേഖലയിലെ നാളെയുടെ താരങ്ങളാണ് ജിവിഎച്ച്എസ് സ്പോർട്സിലെ വിദ്യാർഥികൾ. ചിട്ടയായ പരിശീലനവും വിദ്യാഭ്യാസവും നൽകി അവരെ രൂപപ്പെടുത്തുകയാണ്  ലക്ഷ്യമെന്ന്പ്രധാനാധ്യാപകൻ  പ്രദീപൻ നാരോത്ത് പറഞ്ഞു. പി ടി ഉഷ, കെ സി ലേഖ, ബോബി അലോഷ്യസ് എന്നീ കായികപ്രതിഭകൾ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്.  1976 ൽ സ്പോർട്സ് ഡിവിഷന് കീഴിലാണ് സ്കൂൾ ആരംഭിക്കുന്നത്. 
കായിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2017ൽ സർക്കാർ തീരുമാനപ്രകാരം സ്കൂൾ  കായിക വകുപ്പിന് കൈമാറി. തുടർന്ന് മികച്ച  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കി. ഹോസ്റ്റലിൽ നവീകരണ പ്രവൃത്തി നടത്തിയതിനൊപ്പം  പുതിയകെട്ടിടം നിർമിച്ചു. വോളിബോൾ സെമി ഇൻഡോർ കോർട്ട് നിർമാണം പുരോഗമിക്കുകയാണ്. സ്കൂളിന്റെ വികസനത്തിനായി ശ്രദ്ധേയമായ ഇടപെടലുകളാണ്  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നടത്തിയത്.  
അഭിമാനം 
ഈ നേട്ടങ്ങൾ 
കായിക വകുപ്പ് സ്കൂൾ ഏറ്റെടുത്തതിന് ശേഷം അഭിമാനകരമായ ഒട്ടെറെ നേട്ടങ്ങളാണ് സ്കൂളിനുണ്ടായത്. സംസ്ഥാന റസ്ലിങ്‌ ചാമ്പ്യൻ‍ഷിപ്പിൽ ജിവിഎച്ച്എസ് സ്പോർട്സ് ഒന്നാംസ്ഥാനം നേടി. സുബ്രതോ ഫുട്ബോൾ മത്സരത്തിൽ സംസ്ഥാന ചാമ്പ്യന്മാരായി. ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക്  മൂന്ന് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഫുട്ബോൾ ചാമ്പ്യൻ‍ഷിപ്പിൽ  സ്കൂളിലെ ഷിൽജി ഷാജിയായിരുന്നു ടോപ്പ് സ്കോറർ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മികച്ച പ്ലയറായി തെരഞ്ഞെടുത്തതും ഷിൽജിയെയാണ്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്ക് മീറ്റിലും മികച്ച നേട്ടം കരസ്ഥമാക്കി. മികച്ച കായിക താരമായി തെരഞ്ഞെടുത്തത് സ്കൂളിലെ ഏട്ടാം ക്ലാസ് വിദ്യാർഥി ദേവശ്രീയെയാണ്. നാല് ​സ്വർണമെഡലുകളാണ് കായികമേളയിൽ ദേവശ്രീ നേടിയത്.
 
ഷുവർ, ഷുഗർ 
പണിതരും
 
പിണറായി 
മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും സാധാരണമാക്കുന്ന പ്രമേഹരോഗത്തിനെതിരെ ബോധവൽക്കരണവുമായി വിദ്യാർഥികളുടെ ഡയബറ്റിക് സർവേ. പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് പിണറായി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഡയബറ്റിക് സർവേ നടത്തിയത്. ഓരോ വീടും സന്ദർശിച്ച് എല്ലാവരുടെയും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ശേഖരിക്കും. തുടർന്ന് അവലോകനം നടത്തി റിപ്പോർട്ട്‌ പഞ്ചായത്തിന് സമർപ്പിക്കുമെന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോ–-ഓഡിനേറ്റർ കെ സനോജ് പറഞ്ഞു.  ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളായ അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യം, ലഹരി തുടങ്ങിയവയോടുള്ള ആസക്തി, മാനസിക പിരിമുറുക്കം എന്നിവയെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കി പുതിയ ജീവിതചര്യ സൃഷ്ടിക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.സർവേയുടെ ഒന്നാം ഘട്ടം പൂർത്തിയായി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോ –-ഓഡിനേറ്റർ കെ സനോജ്, അധ്യാപികമാരായ വി റീന, വി പി ലയ, കെ തങ്കമണി എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പിന്തുണയും നൽകിക്കൊണ്ട് സർവേ പ്രവർത്തനങ്ങളിൽ  പങ്കാളികളായി.
 
സിന്തറ്റിക്‌ ബാസ്കറ്റ് ബോൾ 
കോർട്ടുകള്‍ തുറന്നു
കണ്ണൂർ
കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  സിന്തറ്റിക്‌ ബാസ്കറ്റ് ബോൾ കോർട്ടുകളുടെയും സ്പോർട്സ് മെഡിസിൻ സെന്ററിന്റെയും ഉദ്ഘാടനം  കായികമന്ത്രി വി അബ്ദുറഹ്മാൻ  നിർവഹിച്ചു. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അജയകുമാർ കൂർമ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ എ കെ ജി ആശുപത്രി പ്രസിഡന്റ്‌ പി പുരുഷോത്തമൻ,  കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കായികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി ആർ ജയചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ, പ്രധാനാധ്യാപകൻ പ്രദീപ് നാരോത്ത്, കെ കെ വിനോദൻ എന്നിവർ  സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top