ശ്രീകണ്ഠപുരം
കുറച്ചുനാളുകളായി ചന്ദനക്കാറാംപാറ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താൻ മൂന്ന് ദിവസത്തിനുള്ളിൽ ദ്രുതകർമ സേനയെ അയക്കുമെന്ന് ഡിഎഫ്ഒ പി വൈശാഖ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിനെ അറിയിച്ചു. പഞ്ചായത്തിലെ വനാതിർത്തികളിൽ സൗരോർജ തൂക്കുവേലി സാമൂഹികവിരുദ്ധർ തകർത്തതിനെ തുടർന്നാണ് കാട്ടാനകൾ നാട്ടിലിറങ്ങിയത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിൽ 20 മീറ്റർ ദൂരമാണ് ആനവേലി നശിപ്പിച്ചത്. കേരള വനത്തിൽ തമ്പടിച്ചിരുന്ന ആനകളെ വനം വകുപ്പ് കർണാടക വനത്തിലേക്ക് ഓടിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കാട്ടനകൾ വീണ്ടും എത്തി ചന്ദനക്കാംപാറയിൽ കൃഷിനാശമുണ്ടാക്കി. ദ്രുതകർമ സേന ഡ്രോൺ ഉപയോഗിച്ചും മറ്റും ആനകളെ കണ്ടെത്താൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയത്തിന് സമീപത്ത് ആനകളെത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ പടക്കംപെട്ടിച്ച് കാട്ടിലേക്ക് തുരത്തിയിരുന്നു. ഇവയെ സൗരോർജ വേലിക്കപ്പുറത്തുള്ള കർണാടക വനത്തിലേക്ക് തുരത്തണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച ഡിഎഫ്ഒയെ കണ്ടത്. തുടർന്ന് ദ്രുതകർമ സേനയെ എത്തിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..