കൂത്തുപറമ്പ്
കരിങ്കൽ ക്വാറി അപകടത്തെത്തുടർന്ന് വട്ടിപ്രം യുപി സ്കൂളിൽ സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ ബന്ധുവീടുകളിലേക്ക് മാറിയതിനാൽ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. പത്ത് കുടുംബങ്ങളെയാണ് മാങ്ങാട്ടിടം പഞ്ചായത്തിന്റെയും റവന്യുവകുപ്പിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. 23 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും താമസം മാറി. മഴയുടെ ശക്തി കുറഞ്ഞതിനാൽ ചൊവ്വാഴ്ചയോടെ ഏതാനും കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി. വീട് നഷ്ടപ്പെട്ടവർ ബന്ധുവീടുകളിലേക്കുമാണ് താമസം മാറിയത്. ക്യാമ്പിന്റെ പ്രവർത്തനം നിർത്തിയതിനാൽ വട്ടിപ്രം യുപി സ്കൂൾ ബുധൻമുതൽ സാധാരണപോലെ പ്രവർത്തിക്കും.
വൻ നാശനഷ്ടം സംഭവിച്ച പ്രദേശം കരിങ്കൽ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ പി രാജൻ, പ്രസിഡന്റ് കെ നാണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. അപകടത്തിൽ നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്നും വട്ടിപ്രം,വേങ്ങാട് മേഖലയിലെ കരിങ്കൽ ക്വാറികളുടെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ടി പ്രഭാകരൻ, എൻ ശ്രീധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..