കണ്ണൂർ
ദേശീയപാതയിൽ പള്ളിക്കുളം ദേശാഭിമാനി ഓഫീസിന് മുന്നിൽ ഫോർമാലിൻ കയറ്റിപ്പോകുകയായിരുന്ന ടാങ്കർലോറിക്ക് പിറകിൽ ബസ്സിടിച്ച് ഒമ്പതുപേർക്ക് പരിക്ക്. തിങ്കൾ രാവിലെ 9.10നാണ് സംഭവം. ലോറിയിൽ ഉണ്ടായിരുന്ന രാസവസ്തു ചോർന്നതായുള്ള സംശയം അൽപനേരം ആശങ്ക ഉയർത്തി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തി വാഹനം മാറ്റി. ബസ് കണ്ടക്ടർ പ്രദീപൻ, ക്ലീനർ ദിനേശൻ എന്നിവർക്കും ഏഴ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. എറണാകുളത്തുനിന്ന് ഫോർമാലിൻ കയറ്റി വളപട്ടണം കീരിയാടുള്ള കമ്പനിയിലേക്ക് പോകുകയായിരുന്ന ലോറിക്കുപിന്നിൽ കണ്ണൂർ ആശുപത്രിയിൽനിന്ന് അഴീക്കൽ ഫെറിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് ഇടിച്ചത്. കണ്ണൂരിൽനിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗത തടസ്സമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..