മയ്യിൽ
കണ്ണൂർ ജില്ലാ ആശുപത്രി- –- മയ്യിൽ റൂട്ടിലെ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സർവീസിനിടെ ബസിൽ ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ചേലേരി കയ്യങ്കോട് ജുബിരിയത്ത് മൻസിലിൽ നസീറി (41)നെതിരെ വധശ്രമത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറായതോടെയാണ് പണിമുടക്ക് പിൻവലിച്ചത്. അക്രമത്തിൽ ഗുരുതര മുറിവുണ്ടായിട്ടും നിസ്സാര വകുപ്പുകൾ ചേർത്ത് പ്രതിക്ക് ഇടക്കാല ജാമ്യം കിട്ടുന്നതിന് പൊലീസ് സാഹചര്യം ഒരുക്കുകയായിരുന്നുവെന്നാരോപിച്ചാണ് തൊഴിലാളികൾ സമരം നടത്തിയത്. 20ന് രാത്രി 8.45ഓടെയാണ് കമ്പിൽ ബസാറിൽ വച്ച് കണ്ണൂരിൽനിന്ന് മയ്യിൽ ഭാഗത്തേക്ക് വരികയായിരുന്ന ഐശ്വര്യ ബസ് തടഞ്ഞുനിർത്തി ഇയാൾ ആക്രമണം നടത്തിയത്. കരിങ്കൽച്ചീളുകൾ തുണിയിൽ പൊതിഞ്ഞ് നടത്തിയ ആക്രമണത്തിൽ ബസ് ഡ്രൈവർ രജീഷ് (37), യാത്രക്കാരൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണൻ (56) എന്നിവർക്ക് പരിക്കേറ്റിരുന്നു. തളിപ്പറമ്പ് ജോയിന്റ് ആർടിഒ ഷാനവാസ് കരീമും മയ്യിൽ എഎസ്‌ഐ ഇബ്രാഹിമും കഴിഞ്ഞ ദിവസം തൊഴിലാളികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..