23 December Monday

വെസ്‌റ്റ്‌ നൈൽ പനി: കാക്കയുടെ ജഡം വിദഗ്‌ധ പരിശോധനക്കയച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
കണ്ണൂർ
വെസ്‌റ്റ്‌ നൈൽ പനി റിപ്പോർട്ടുചെയ്‌ത  ചെങ്ങളായിയിൽനിന്ന്‌ കണ്ടെടുത്ത കാക്കയുടെ ജഡം വിദഗ്‌ധ പരിശോധനക്കയച്ചു. വെസ്‌റ്റ്‌ നൈൽ പനി പക്ഷിയിൽനിന്ന്‌ കൊതുകിലേക്കും കൊതുകിൽനിന്ന്‌ മനുഷ്യരിലേക്കും പകരുന്നതിനാലാണ്‌ പ്രദേശത്തുനിന്ന്‌ കണ്ടെടുത്ത കാക്കയുടെ ജഡം പരിശോധനക്കയച്ചത്‌.  
  ചെങ്ങളായി  വെറ്ററിനറി കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ശേഖരിച്ച ജഡം ചൊവ്വാഴ്‌ച കണ്ണൂരിലെ റീജണൽ ഡിസീസ്‌ ഡയഗ്‌നോസ്‌റ്റിക് ലാബിൽ പരിശോധന നടത്തി. ഡെപ്യൂട്ടി ഡയറക്ടർ  ഡോ. ഇ കെ പ്രീതയുടെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്‌. വൈറസ്‌ സാന്നിധ്യം കണ്ടെത്താനുള്ള   പ്രാഥമിക പരിശോധനയായ ലാറ്ററൽ  ഫ്‌ളോ സ്‌ക്രീനിങ്‌ ടെസ്‌റ്റാണ്‌ നടത്തിയതെങ്കിലും ഫലം നെഗറ്റീവാണ്‌.  ഈ പരിശോധനയിൽ വെസ്‌റ്റ്‌ നൈൽ വൈറസ്‌ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. 
  തുടർന്ന്‌ സാമ്പിൾ വിദഗ്‌ധ പരിശോധനയ്‌ക്കായി തിരുവനന്തപുരത്തെ സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആനിമൽ ഡിസീസിലേക്ക്‌ (സിയാദ്‌) അയച്ചു. ഇവിടത്തെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കുടുതൽ പരിശോധനയ്‌ക്ക്‌ ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹയർ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക്‌ അയക്കാനാണ്‌ മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം. 
     വെസ്‌റ്റ്‌ നൈൽ വൈറസ്‌ ബാധിച്ച പക്ഷികൾ ചത്തു വീഴുകയാണ്‌ പതിവ്‌. പക്ഷികളെ  കടിച്ച കൊതുക്‌ മനുഷ്യനെ കടിക്കുമ്പോഴാണ്‌ രോഗം പകരുന്നത്‌. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരില്ല. പനി, ക്ഷീണം, തലകറക്കം, ഛർദി തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ. വൈറസ്‌  നാഡികളെ ബാധിച്ചാൽ മരണംവരെ സംഭവിച്ചേക്കാം. 
മൂന്നു ദിവസം മുമ്പാണ്‌ ചെങ്ങളായി സ്വദേശിനിയായ വിദ്യാർഥിനിക്ക്‌ വെസ്‌റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചത്‌.  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലുള്ള വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്‌. ചൊവ്വാഴ്‌ച ആരോഗ്യ വകുപ്പ്‌ അധികൃതർ  കുട്ടിയുടെ വീട്‌ സന്ദർശിച്ചു. കൊതുകുനശീകരണമുൾപ്പെടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ പ്രദേശത്ത്‌ നടക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top