27 December Friday

കൂത്തുപറമ്പ് ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണസംഘത്തിൽ വൻ ക്രമക്കേട്

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024
സ്വന്തം ലേഖകൻ
കൂത്തുപറമ്പ് 
കോൺഗ്രസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണസംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്. സഹകരണസംഘം ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ്‌ സ്റ്റേഡിയത്തിന് സമീപം ആർവി സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ വൻക്രമക്കേട് കണ്ടെത്തിയത്. കൂത്തുപറമ്പ് അസി. രജിസ്ട്രാർ ജനറൽ ഓഫീസിലെ ഇൻസ്പെക്ടർമാരുടെ ഗ്രൂപ്പ് ഇൻസ്പെക്ഷനിലാണ് ക്രമക്കേട് കണ്ടെത്താനായത്. കോൺഗ്രസ് നേതാവായ  ടി കെ പവിത്രനാണ് സംഘത്തിന്റെ  പ്രസിഡന്റ്. 
ഇടപാടുകാരല്ലാത്തവരുടെ പേരിൽ വൻതുക ലോൺ കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ലോൺ തിരിച്ചടക്കാത്തതിനെതുടർന്ന് വിളിച്ചുവരുത്തിയപ്പോഴാണ് ലോണുള്ളത്‌ പലരും അറിഞ്ഞത്.  ലഡ്ജറിൽ ഫോൺ നമ്പറോ കൃത്യമായ മേൽവിലാസമോ ഇല്ലാതെയാണ് പലരുടെയും പേരിൽ വൻതുക ലോൺ നൽകിയത്. മരിച്ചയാളുടെ പേരിലുണ്ടായിരുന്ന സ്ഥിരനിക്ഷേപം വ്യാജ ഒപ്പിട്ട് പിൻവലിച്ചതായും  20 ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്ന വ്യക്തിയുടെ19.50 ലക്ഷവും വ്യാജ ഒപ്പിട്ട് പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദിനനിക്ഷേപത്തിലൂടെ സ്വീകരിച്ച തുകയിലും വൻക്രമക്കേടാണ് കണ്ടെത്തിയത്. 
ടൗണിലെ വ്യാപാരികളിൽനിന്നടക്കം കലക്‌ഷൻ ഏജന്റുമാർ പിരിച്ചെടുത്ത തുകയാണ് ലഡ്ജറിൽ കാണിക്കാതെ തട്ടിപ്പ് നടത്തിയത്.  ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് ഡയറക്ടർമാരോട് എത്താൻ ആവശ്യപ്പെട്ടെങ്കിലും രണ്ടുപേർ മാത്രമാണ് എത്തിയതെന്ന്‌ സൂചനയുണ്ട്‌. പ്രസിഡന്റ് മിനുട്‌സ്‌ ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കടത്തിയതായും ആക്ഷേപമുണ്ട്. നിയമ നടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് സഹകരണവകുപ്പ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top