24 November Sunday

കതിരൂർ ബാങ്കിന്‌ വീണ്ടും അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024
തലശേരി
കതിരൂർ സർവീസ് സഹകരണ ബാങ്കിന് വീണ്ടും അംഗീകാരം. കേരള ബാങ്ക് സംസ്ഥാന തലത്തിൽ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ പ്രഥമ ബെസ്റ്റ് പെർഫോമൻസ് പുരസ്‌കാരമാണ്‌ ബാങ്കിന്‌ ലഭിച്ചത്‌. ധനകാര്യ രംഗത്തും കാർഷിക മേഖലയിലും നടത്തിയ വേറിട്ട പ്രവർത്തനങ്ങൾ പരിഗണിച്ചാണ്‌ അംഗീകാരം. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പെർഫോമൻസ്  പുരസ്‌കാരവും കതിരൂർ ബാങ്കിന്‌ ലഭിച്ചിരുന്നു. 
ബാങ്കിങ് പ്രവർത്തനങ്ങൾക്കുപുറമെ സഹകരണരംഗത്ത്‌ ഒട്ടനവധി മാതൃകകൾ തീർത്ത ബാങ്ക് കൃഷിയിൽ പുത്തൻ അധ്യായം രചിച്ചാണ് മുന്നോട്ടുപോകുന്നത്‌.  ബാങ്ക് പരിധിയിലെ ഏക്കറുകണക്കിന്‌ തരിശുഭൂമിയാണ്‌ ബാങ്കിന്റെ സഹായത്തോടെ കൃഷിയിടമായിമാറിയത്‌. കർഷകർക്ക്‌ നിലമൊരുക്കുന്നതുമുതൽ വിളവെടുക്കുന്നതുവരെ ബാങ്കിന്റെ സഹായമുണ്ട്‌. വിദ്യാർഥികൾക്കായി ‘ഇത്തിരി വിത്ത് ഒത്തിരി നെല്ല്’  പദ്ധതി നടപ്പാക്കി. കർഷക ഗ്രൂപ്പ് ഉണ്ടാക്കുന്ന നെല്ല്‌ സംഭരിച്ച് "കതിർ’ ബ്രാൻഡ് അരി വിപണിയിലെത്തിക്കുന്നു. എരുവട്ടിവയലിൽ നെൽകൃഷിയും മത്സ്യകൃഷിയും ബാങ്കിന്റെ പിന്തുണയോടെ നടത്തുന്നുണ്ട്‌. 
ഒരുങ്ങുന്നു ചക്കഗ്രാമം പദ്ധതി 
സ്വന്തമായി അഗ്രി നഴ്സറിയും വിപണന കേന്ദ്രവും കതിരൂർ ബാങ്ക്‌ ഉടൻ ആരംഭിക്കും. ചക്ക ഗ്രാമം പദ്ധതിക്കും ഉടൻ തുടക്കമിടും. ബാങ്കിന്റെ ‘ദയ’ സാന്ത്വന സഹകരണകേന്ദ്രം, ഡോക്ടേഴ്‌സ് കൺസൾട്ടൻസി സെന്റർ, മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബ് എന്നിവ ജനങ്ങൾക്ക്‌ ആശ്വാസമാണ്‌. 120 കുട്ടികൾ പരിശീലനംനേടുന്ന എഫ്‌13 ഫുട്ബോൾ അക്കാദമി, മൾട്ടി ജിം ഫിറ്റ്നസ് സെന്റർ , ഫുട്ബോൾ ക്രിക്കറ്റ് ടർഫ്, പച്ചക്കറിച്ചന്ത, വളം ഡിപ്പോ, രണ്ട് മിനി ഒഡിറ്റോറിയം എന്നിവയും ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്‌. 
കൈനിറയെ അംഗീകാരം
ദേശീയ–-സംസ്ഥാനതലത്തിൽ തുടരെ അംഗീകാരംനേടുകയാണ്‌ കതിരൂർ ബാങ്ക്‌. കുറഞ്ഞ കാലയളവിൽ 19 പുരസ്‌കാരങ്ങളാണ്‌ ബാങ്കിന്‌ ലഭിച്ചത്‌. ഫ്രോണ്ടിയേഴ്സ് ഓഫ് കോ–-ഓപ്പറേറ്റീവ് ബാങ്കിന്റെ 20-24  വർഷത്തെ മികച്ച പ്രാഥമിക സഹകരണ ബാങ്ക്, വായ്പ വളർച്ചയുള്ള ബാങ്ക്, മികച്ച ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് എന്നീ പുരസ്‌കാരങ്ങളുംലഭിച്ചു.  
 കരുത്ത്‌ ജനവിശ്വാസം 
ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവർത്തനവും ഇടപാടുകാർക്ക് ബാങ്കിലുള്ള വിശ്വാസവുമാണ് നേട്ടങ്ങൾക്കെല്ലാം പിന്നിൽ. 1996 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്ന ധനകാര്യസ്ഥാപനമാണ്‌ കതിരൂർ ബാങ്ക്‌. 
ശ്രീജിത്‌ ചോയൻ, 
പ്രസിഡന്റ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top