പയ്യന്നൂർ
അഞ്ചുനാളായി പൂത്തുനിന്ന കലാവസന്തം പയ്യന്നൂരിനോട് വിട പറഞ്ഞു. ആദ്യദിനത്തിൽ പിറകിലായെങ്കിലും ആവേശ പോരാട്ടത്തിൽ ഒരണുപോലും വിട്ടുകൊടുക്കാതെ കരുത്തോടെ തിരികെവന്ന കണ്ണൂർ നോർത്ത് ഉപജില്ലക്കാണ് ജില്ലാ സ്കൂൾകലോത്സവ കിരീടം. 980 പോയിന്റ്. മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് വീണ്ടും കണ്ണൂർ നോർത്ത് കിരീടം ഉറപ്പിച്ചത്. ആതിഥേയരായ പയ്യന്നൂരാണ്(884) രണ്ടാം സ്ഥാനത്ത്. ഇരിട്ടി (873)ക്കാണ് മൂന്നാംസ്ഥാനം. സ്കൂൾ വിഭാഗത്തിൽ 384പോയിന്റുമായി മൊകേരി രാജിവ് ഗാന്ധി സ്മാരക ഹയർസെക്കൻഡറി സ്കൂളാണ് ജേതാക്കൾ. മമ്പറം ഹയർസെക്കൻഡറി (366) രണ്ടാംസ്ഥാനത്തുണ്ട്. പെരളശേരി എ കെ ജി ജിഎച്ച്എസ്എസ്സാണ് (353) മൂന്നാംസ്ഥാനത്ത്.
എ കുഞ്ഞിരാമൻ അടിയോടി സ്‌മാരക ഓഡിറ്റോറിയത്തിയത്തിൽ സമാപന സമ്മേളനം സ്‌പീക്കൾ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. അഞ്ചുദിവസങ്ങളിലായി നാൽപതിനായിരത്തിലധികംപേർക്ക് ഭക്ഷണം ഒരുക്കാൻ നേതൃത്വം നൽകിയ കെ യു ദാമോദര പൊതുവാളെ സ്‌പീക്കർ ഉപഹാരം നൽകി ആദരിച്ചു.
മത്സരങ്ങൾ ലൈവായി ചിത്രീകരിച്ച കുട്ടികൾക്ക് അസി. കലക്‌ടർ സായി കൃഷ്‌ണ സർട്ടിഫിക്കറ്റുകൾ നൽകി. നഗരസഭാ ചെയർമാൻ കെ വി ലളിത ഉപഹാരങ്ങൾ വിതരണം ചെയ്‌തു. ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ കെ സി കൃഷ്‌ണൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, ജില്ലാ പഞ്ചായത്തംഗം എം രാഘവൻ, വി ബാലൻ, വി വി സജിത, ബാബു മഹേശ്വരി പ്രസാദ്, കെ സി സുധീർ, പ്രേമരാജൻ, കെ സുരേന്ദ്രൻ, ജ്യോതിബസു, പി ദാമോദരൻ, പി പിസുബൈർ, പി വിനോദ്, ആർ രാജേഷ് കുമാർ, യു കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..