മയ്യിൽ
കലപിലയും പൊട്ടിച്ചിരിയും നിരീക്ഷണവുമൊക്കെയായി ഒന്നിച്ച് രണ്ടുനാൾ... ഓൺലൈൻ കാലഘട്ടത്തിൽ ബന്ധങ്ങൾപോലും സ്മാർട്ട്ഫോണിലേക്ക് ഒതുങ്ങുമ്പോൾ ഉറങ്ങിയും കളിച്ചും പഠിച്ചും പങ്കുവച്ചും അവർ ആഘോഷത്തിലായിരുന്നു. മയ്യിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ കയരളം നോർത്ത് എഎൽപി സ്കൂളാണ് കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് ഹോല ഡിസംബർ സംഘടിപ്പിച്ചത്.
സ്കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളാണ് രണ്ടുനാൾ വിദ്യാലയം വീടാക്കി മാറ്റിയത്. കേവലം ക്ലാസ്മുറികളിൽ ഒതുങ്ങാതെ പ്രദേശത്തെ പ്രധാന ഇടങ്ങളെല്ലാം സന്ദർശിച്ചു. നാടറിയാനുള്ള അനുഭവം കൂടിയായിരുന്നു ക്യാമ്പ്. ക്രിസ്‌മസ് ആഘോഷം, ക്യാമ്പ് ഫയർ, ‘നാടറിയാം' പ്രകൃതി നടത്തം എന്നിവയും നടന്നു.
വി വി അനിത ഉദ്ഘാടനംചെയ്തു. എ പി സുചിത്ര അധ്യക്ഷയായി. എം ഗീത, ടി പി പ്രശാന്ത്, എ ഒ ജീജ, വി സി മുജീബ്, കെ വൈശാഖ്, എം പി നവ്യ എന്നിവർ സംസാരിച്ചു. പേപ്പർ ക്രാഫ്റ്റ്, ഈസി ഇംഗ്ലീഷ്, പക്ഷി നിരീക്ഷണം, പാവനാടകം, പൂന്തോട്ട നിർമാണം എന്നീ വിഷയങ്ങളിൽ മുരളീധരൻ മാവില, സി കെ രേഷ്മ, സി കെ സുരേഷ്ബാബു, പ്രമോദ് അടുത്തില എന്നിവർ ക്ലാസെടുത്തു. നൗഫൽ മയ്യിൽ നയിച്ച ഇശൽ നൈറ്റും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..