പ്രാപ്പൊയിൽ
കായികക്കുതിപ്പിന് ഒരിഞ്ചുപോലും കുറവുവന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് പ്രാപ്പൊയിലുകാർ. പൊങ്ങിപ്പറന്നും കുതിച്ചുചാടിയും കണ്ണഞ്ചിപ്പിക്കും വേഗത്തിലോടിയും ജില്ലയുടെ കായിക കുതിപ്പിന് വളമിടുകയാണ് അമിഗോസ് സ്‌പോർട്‌സ് ക്ലബ്. ചെറിയ കാലയളവിനിടിയിൽ ട്രാക്കിലും ഫീൽഡിലും വൻനേട്ടങ്ങളുണ്ടാക്കിയാണ് പ്രാപ്പൊയിൽ അമിഗോസ് സ്പോർട്സ് ക്ലബ്ബിന്റെ മുന്നേറ്റം.
2021 മുതൽ 2023 വരെ ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് തുടർകിരീടം. കേരളോത്സവത്തിൽ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിരം ചാമ്പ്യന്മാർ. 2023 ലെ ജില്ലാ കേരളോത്സവത്തിൽ ചാമ്പ്യൻഷിപ്പും 2022ൽ രണ്ടാം സ്ഥാനവും. ജില്ലാ ക്രോസ് കൺട്രി മത്സരത്തിലും ചാമ്പ്യന്മാർ. ക്ലബ്ബിന് സ്വന്തമായൊരു കെട്ടിടം പോലുമില്ലാതെയാണ് ഈ നേട്ടങ്ങളെല്ലാം.
2017ൽ കെ എം ഷാജി, പി കെ അഗസ്റ്റിൻ, പി കെ ചന്ദ്രശേഖരൻ എന്നിവർ ഭാരവാഹികളായാണ് ക്ലബ് രൂപീകരിച്ചത്. സുഹൃത്ത് എന്നർഥമുള്ള സ്പാനിഷ് വാക്കാണ് അമിഗോസ്. ചിട്ടയായ പ്രവർത്തമുണ്ടെങ്കിൽ ഏതുനേട്ടവും എത്തിപ്പിടിക്കാം എന്ന് തെളിയിക്കുകയാണ് അമിഗോസ്. 2017ൽ ഉത്തരകേരള വടംവലിയൽ കരുത്തറിയിച്ചാണ് കുതിപ്പ് തുടങ്ങിയത്.
പി ഡി അമൽ (പ്രസിഡന്റ്), ടി അഭിനന്ദ് (സെക്രട്ടറി), എം വി മിഥുൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിലവിൽ. കായികരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല പ്രവർത്തനം. കലാ രംഗത്തും മികവ് പുലർത്തുന്നു. ഈ നേട്ടങ്ങളെല്ലാം ഉണ്ടെങ്കിലും പരിമിതികളുണ്ട് ക്ലബ്ബിന്. അത്‌ലറ്റിക്‌സും ഗെയിംസും പരിശീലിക്കാൻ പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനം മാത്രമാണ് ആശ്രയം. കൃത്യമായ പരിശീലനത്തിന് പരിമിതിയുണ്ട്. കായിക ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക് സ്‌പോട്‌സ് പ്രേമികളുടെ സഹായം പ്രതീക്ഷിക്കുകയാണ് ജില്ലയിലെ ചാമ്പ്യൻ ക്ലബ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..