22 December Sunday

തീരദേശ നിയന്ത്രണത്തിൽ ഇളവ്‌ 11 പഞ്ചായത്തുകൾക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കണ്ണൂർ
തീരദേശപരിധിയിലെ നിർമാണനിയന്ത്രത്തിൽ ഇളവുനൽകിയ ഉത്തരവ്‌ ജില്ലയിലെ 11 പഞ്ചായത്തുകളിലെ നൂറുകണക്കിന്‌ തീരദേശവാസികൾക്ക്‌ ആശ്വാസമേകും.  സംസ്ഥാന സർക്കാർ സമർപ്പിച്ച  കരട്‌ തീരദേശ പരിപാലന  പദ്ധതിക്ക്‌ കേന്ദ്രാനുമതിയായതോടെ  തീരമേഖലയിലുണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ്‌ ഇളവുവരുന്നത്‌.  കോസ്‌റ്റൽ റെഗുലേഷൻ സോൺ (സിആർസെഡ്‌) മൂന്നിൽനിന്ന്‌ രണ്ടിലേക്ക്‌  മാറിയതോടെ ഈ പഞ്ചായത്തുകളിൽ വീട്‌ നിർമിക്കുന്നതിനടക്കമുള്ള നിയന്ത്രണങ്ങൾക്ക്‌ ഇളവുണ്ടാകും.  
175 പഞ്ചായത്തുകളിൽ ഇളവെന്ന സംസ്ഥാന സർക്കാരിന്റ ആവശ്യം അവഗണിച്ച്‌  66 പഞ്ചായത്തുകളെയാണ്‌ കേന്ദ്രം പരിഗണിച്ചത്‌. ജില്ലയിൽ 38 പഞ്ചായത്തും അഞ്ച്‌ നഗരസഭയും പരിധിയിലുൾപ്പെടുന്നു. ഇതിൽ അഴീക്കോട്‌, ചെറുകുന്ന്‌, ചിറക്കൽ, ചൊക്ലി, കല്യാശേരി, കണ്ണപുരം, മാട്ടൂൽ,  ന്യൂമാഹി, പാപ്പിനിശേരി, രാമന്തളി, വളപട്ടണം പഞ്ചായത്തുകളെയാണ്‌ സിആർസെഡ്‌ മൂന്നിൽനിന്ന്‌ രണ്ടിലേക്ക്‌ മാറ്റിയത്‌. 88 വാർഡുകൾക്ക്‌ ഇതോടെ ഇളവു ലഭിക്കും. 
നഗരസഭകൾക്ക്‌ ലഭിക്കുന്ന ഇളവുകളാണ്‌  സോൺ രണ്ടിലേക്ക്‌ മാറിയ പഞ്ചായത്തുകൾക്കും ലഭിക്കുക. ജനസാന്ദ്രത അടിസ്ഥാനമാക്കിയാണിത്‌. നിർമാണത്തിന്‌ ദൂരപരിധിയില്ലാത്തതിനാൽ പുതിയനിർമാണം നടത്താം. കായലുകളുടെ തീരത്ത്‌ നൂറുമീറ്ററായിരുന്ന നിർമാണനിയന്ത്രണം അമ്പത്‌ മീറ്ററാക്കി കുറച്ചു. ദ്വീപുകളുടെ കാര്യത്തിൽ ഇത്‌ അമ്പത്‌ മീറ്റർ മാറി ഇരുപതായി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകളിൽ ബഫർ സോൺ ഒഴിവാക്കി. കണ്ടൽ വനങ്ങൾ ധാരാളമുള്ള ജില്ലയ്‌ക്ക്‌ ഈ ഇളവും ഗുണകരമാകും.
 
പ്രതീക്ഷയോടെ 
തീരദേശവാസികൾ
മാട്ടൂൽ
കോസ്റ്റൽ റെഗുലേഷൻ സോൺ (സിആർസെഡ്) പരിധി കുറച്ചതോടെ മാട്ടൂൽ,  ചെറുകുന്ന്, പാപ്പിനിശേരി, കല്യാശേരി, കണ്ണപുരം പഞ്ചായത്തിലെ ജനങ്ങൾ ഏറെ സന്തോഷത്തിൽ. തടസ്സം നീങ്ങിയതോടെ വീടുൾപ്പെടെയുള്ള നിർമാണങ്ങൾ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ തീരദേശവാസികൾ. ബഫർസോണുകളുടെ ഘടനയിലും പരിധിയിലും മാറ്റം വന്നതും ആശ്വാസമായി. സ്വകാര്യഭൂമിയിൽ കൃഷി വ്യാപനത്തിന് ഉപകരിക്കുമെന്നതും സന്തോഷത്തിന് വഴിയൊരുക്കി. 
12.82 ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള മാട്ടൂൽ പഞ്ചായത്തിലെ  17 വാർഡുകളും സിആർസെഡ് പരിധിയിൽപ്പെട്ടതായിരുന്നു. ഭൂമിശാസ്ത്രപരമായി  ഉപദ്വീപാണ് മാട്ടൂൽ. 
എഴുപത്തിയഞ്ച് ഏക്കറോളം പ്രദേശം ബഫർസോണിൽനിന്നും ഒഴിവാക്കപ്പെടുന്ന ചെറുകുന്ന് നിവാസികൾ ഇനി കാർഷിക സ്വയംപര്യാപ്തത നേടാനാകുമെന്ന് പ്രതീക്ഷയിലാണ്. 
മുട്ടിൽ ഡാം മുതൽ താവംവരെയും ദാൽ പ്രദേശത്തുമാണ് ബഫർസോണിൽനിന്നും കൂടുതൽ സ്ഥലങ്ങൾ സ്വതന്ത്രമായ കൃഷിയിടങ്ങളായി മാറ്റപ്പെടുക. പാപ്പിനിശേരിയിൽ ഒട്ടേറെ വികസന- കാർഷിക പ്രവർത്തനങ്ങൾ വഴിയൊരുക്കും. പടിഞ്ഞാറ് ഇല്ലിപ്പുറം മുതൽ മാങ്കടവ് വരെയുള്ള സ്ഥലങ്ങളിലുള്ളവർക്കാണ് ഏറെ ആശ്വാസമാകുക. കണ്ണപുരത്ത് ആറ് വാർഡുകളിലും കല്യാശേരിയിൽ മൂന്ന് വാർഡുകളുമാണ് 
സിആർസെഡ് 
പരിധിയിൽ 
ഉൾപ്പെട്ടത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top