പയ്യന്നൂർ
പ്രായത്തെ തോൽപ്പിച്ച് 76–-ാം വയസിലും നൃത്തത്തെ ജീവിതത്തോട് ചേർത്തുനിർത്തുന്ന നൃത്താധ്യാപകൻ എൻ വി കൃഷ്‌ണൻ മകൾക്കും കൊച്ചു മകൾക്കുമൊപ്പം വേദിയിലെത്താനുള്ള ഒരുക്കത്തിലാണ്. പയ്യന്നൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന മഹോത്സവത്തിന്റെ ഭാഗമായി തിങ്കൾ രാത്രി ഒമ്പതിനാണ് നൃത്തം . മകൾ പി കെ സംഘമിത്ര, സംഘമിത്രയുടെ മകൾ വൈഗ എന്നിവർക്കൊപ്പമാണ് എൻ വി കൃഷ്‌ണനും ചുവടുവയ്‌ക്കുക. സംഘമിത്ര സർവകലാശാലാ കലാപ്രതിഭയായിരുന്നു.
വൈഗ തളിപ്പറമ്പ് സെന്റ് ജോസഫ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി. ഇവർക്കൊപ്പം 35ൽ അധികം ശിഷ്യരും അരങ്ങിലെത്തും. എൻ വി കൃഷ്‌ണൻ 20–-ാം വയസിൽ ചെന്നൈയിലെ നർത്തകി രുഗ്മിണിദേവി അരുണ്ഡേലിന്റെ അഡയാർ കലാക്ഷേത്രത്തിലെ വിദ്യാർഥിയായിരുന്നു. പിന്നീട് അധ്യാപകൻ. 1984-–-85 ൽ പയ്യന്നൂരിൽ തിരിച്ചെത്തി. മഹാദേവഗ്രാമത്തിലെ നൃത്തപ്രതിഭ വി പി ധനഞ്ജയനൊപ്പം പിന്നീട് കലാസപര്യ. ഭരതാഞ്ജലി നൃത്തവിദ്യാലയം പയ്യന്നൂരിലും കണ്ണൂരിലും തുടങ്ങി.
സ്കൂൾ കലോത്സവങ്ങളിൽ പ്രതിഭകളായ മഞ്ജു വാര്യർ, വിനീത് കുമാർ, അനുപമ കൃഷ്ണൻ, മുരളി എച്ച് ഭട്ട്, എം കെ ഷിജിത് കുമാർ, വിപിൻദാസ് തുടങ്ങിയവർ ശിഷ്യരാണ്. ഷംനാ കാസിം, പാർവതി നമ്പ്യാർ, ഹീരാ നമ്പൂതിരിറ തുടങ്ങി പിന്നെയും നീളും ശിഷ്യരുടെ പട്ടിക. ഗീതയാണ് ഭാര്യ. മറ്റുമക്കളായ മഹേന്ദ്രനും അംബരീഷും നൃത്തരംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..