25 December Wednesday

പരീക്ഷയെ നേരിടാനിതാ പരിരക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024
തളിപ്പറമ്പ 
പരീക്ഷാപ്പേടിയെ മറികടക്കാൻ തളിപ്പറമ്പിലെ  കുട്ടികൾക്കെുണ്ടൊരു ‘പരിരക്ഷ’. മൂന്നുവർഷമായി തളിപ്പറമ്പിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയാണ്‌ ഇക്കുറിയും പരിരക്ഷ ഒരുക്കുന്നത്‌. എസ്എസ്എൽസി–- പ്ലസ് ടു പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാനും പഠനത്തിൽ മുന്നേറാനും വിദ്യാർഥികൾക്ക്‌ അവസരമൊരുക്കുകയാണ്‌ ഇതിലൂടെ. 
മണ്ഡലത്തിലെ 20 ഹൈസ്കൂൾ–-ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് ഈ വർഷം പരിരക്ഷയുണ്ടാകുക. മണ്ഡലത്തിൽ 4800ലധികംപേർ എസ്എസ്എൽസിയും 8400ലധികംപേർ ഹയർ സെക്കൻഡറി പരീക്ഷയുമെഴുതുന്നുണ്ട്‌. ഇവർക്ക് മികച്ച വിജയം കൈവരിക്കാൻ പരിശീലനമൊരുക്കും. ആശങ്കകളില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകൾ, പരീക്ഷയെ അഭിമുഖീകരിക്കേണ്ട വിധം തുടങ്ങിയ കുട്ടികളുടെ ആശങ്കകൾ പരിഹരിക്കാൻ വിദഗ്ധരുടെ സേവനമുണ്ട്‌.  ആവശ്യമുണ്ടെങ്കിൽ കുട്ടികൾക്ക്‌ വ്യക്തിപരമായും ഇവരുടെ സേവനമുണ്ടാകും.  ഇതുവഴി തുടർദിവസങ്ങളിൽ ചിട്ടയായ ആസൂത്രണത്തിലൂടെ  സമയബന്ധിതമായി ഓരോ വിഷയവും പഠിക്കാനും മാതൃകാ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ഗ്രേഡ് ഉയർത്താനും അവസരമൊരുക്കും. ജനുവരി ഒന്നുമുതൽ ഏഴുവരെ വിവിധ വിദ്യാലയങ്ങളിലായിട്ടാണ്‌ ക്ലാസുകൾ. മണ്ഡലതല ഉദ്ഘാടനം പുതുവത്സരദിനത്തിൽ തളിപ്പറമ്പ്‌ മൂത്തേടത്ത്‌ എച്ച്‌എസ്‌എസിൽ എം വി ഗോവിന്ദൻ എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികൾ, പിടിഎ  ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി സ്കൂൾതല ഉദ്ഘാടനവും നടക്കും.

ലക്ഷ്യം നൂറു ശതമാനം വിജയം

എസ്എസ്എൽസി–- പ്ലസ് ടു പൊതുപരീക്ഷാപ്പേടിയകറ്റാൻ വിദ്യാർഥികൾക്ക് പരിരക്ഷ അവസരമൊരുക്കും. ഇതിനായി കുട്ടികൾക്ക്‌ ടെലികൗൺസലിങ്‌ ഒരുക്കും. ഇതുവഴി കുട്ടികളുടെ പരീക്ഷാവേളയിലെ സമ്മർദം കുറയ്‌ക്കാനാകും.  തുടർപഠനത്തിനുള്ള ടെലി കൗൺസലിങ്‌ സൗകര്യവും മണ്ഡലത്തിലെ വിദ്യാർഥികൾക്ക്‌ ലഭിക്കും. നൂറു ശതമാനം വിജയമാണ്‌ ലക്ഷ്യം.
എം വി ഗോവിന്ദൻ എംഎൽഎ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top