08 September Sunday

ഇരുട്ടിലായത്‌ 3 ലക്ഷം കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ബക്കളത്ത്‌ വൈദ്യുതി ലൈൻ തകർന്നനിലയിൽ

കണ്ണൂർ
മൂന്നുദിവസമായി തുടരുന്ന മഴയിലും ചുഴലിക്കാറ്റിലും  ജില്ലയിലെ വൈദ്യുതിമേഖലയിൽ കനത്തനഷ്‌ടം. ജില്ലയിലെ മൂന്നുലക്ഷം കുടുംബങ്ങൾ ഇരുട്ടിലായി.  വൈദ്യുതി വിതരണമേഖലയിൽ  5.7 കോടിയുടെ നഷടമാണുണ്ടായത്‌. എച്ച്ടി ഫീഡറുകളിൽ മരങ്ങൾ കടപുഴകിയതിന്റെ ഭാഗമായി കണ്ണുർ, പയ്യന്നൂർ, തലശേരി, ഇരിട്ടി ഡിവിഷനുകളിൽ  വൈദ്യുതിമുടക്കം നേരിട്ടു. രാത്രിയിൽ ഉൾപ്പെടെ  ജീവനക്കാർ വൈദ്യുതി തിരിച്ചെത്തിക്കാനുള്ള കഠിനപ്രയത്നത്തിലാണ്.  രാത്രിയാണ് ഫീഡറുകൾ തകരാറിലായതും ലൈനുകൾ പൊട്ടിവീണതും. പൊട്ടിവീണ ലൈനുകളിൽനിന്ന്‌  ആർക്കും അപകടം പറ്റാതിരിക്കാൻ  കരുതലോടെയാണ്‌ കെഎസ്‌ഇബി ജീവനക്കാർ പ്രവർത്തിക്കുന്നത്‌.
1894 ട്രാൻസ്ഫോമറുകളിൽ വൈദ്യുതി എത്തിക്കാനാവാത്ത വിധം 204 ഹൈടെൻഷൻ പോസ്റ്റുകളാണ് തകർന്നത്. 33 കെവി ലൈനുകൾക്കും 11 കെവി ലൈനുകൾക്കും വ്യാപകമായ തകരാർ സംഭവിച്ചു. 880 ലോ ടെൻഷൻ പോസ്റ്റുകളും പൊട്ടിവീണു. 2180 സ്ഥലങ്ങളിൽ ലൈനുകൾ മുറിഞ്ഞുവീണു.
എല്ലായിടത്തും ഒരുപോലെ നാശന‍ഷ്ടങ്ങൾ സംഭവിച്ചത് വൈദ്യുതി പുനസ്ഥാപന പ്രവർത്തനങ്ങളെ പ്രയാസപ്പെടുത്തി.  ലഭ്യമായ ജീവനക്കാരെയും കരാർ തൊഴിലാളികളെയും മുഴുവനായി ഉപയോഗപ്പെടുത്തുന്നുണ്ട്. 
പൊട്ടിയ ലൈനുകളിൽനിന്നുമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി അവയിൽ വൈദ്യുതിബന്ധം ഇല്ലെന്ന്‌   ഉറപ്പാക്കേണ്ടതുണ്ട്. തുടർന്ന് ഹൈടെൻഷൻ ഫീഡറുകളിലെയും ട്രാൻസ്ഫോമറുകളുടെയും വൈദ്യുതിവിതരണം ശരിയാക്കുന്നതിനായി മുൻഗണന നൽകും. ഒട്ടനവധിപേർ ഒരേ സമയം വിളിക്കാൻ ശ്രമിക്കുന്നത് സെക്‌ഷൻ ഓഫീസുകളിലെ ഫോൺ തിരക്കാവുന്നതിനാൽ വിവരങ്ങൾ അറിയാൻ താമസം നേരിടുന്നുണ്ട്. ലൈൻ പൊട്ടിവീണ് അപകട സാധ്യതയുള്ളതിന്റെ വിവരങ്ങൾ 94960 10101 എന്ന ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കാം. മറ്റ് പരാതികൾ 94960 01912 എന്ന ടോൾഫ്രീ നമ്പറിലും അറിയിക്കാം. 
പ്രതികൂല കാലാവസ്ഥയാണ് വൈദ്യുതി തടസത്തിനും സേവനങ്ങൾക്കുള്ള കാലതാമസത്തിനും കാരണം.  വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ മുഴുവൻ സമയപ്രവർത്തനങ്ങളിലേർപ്പെട്ട  ജീവനക്കാരോട് സഹകരിക്കണമെന്ന് ഉത്തരമലബാർ വിതരണവിഭാഗം ചീഫ് എൻജിനിയർ അറിയിച്ചു. 
ഈ കാലവർഷത്തിൽ ജില്ലയിൽ ഇതുവരെയായി 28 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്‌. ഇവ പരിഹരിക്കുന്നതിന് ജീവനക്കാർ രാപകൽ പാടുപെടുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top