22 December Sunday

സൂ സഫാരി പാർക്ക്: 
വിശദ പദ്ധതി രൂപരേഖ ഉടൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
തളിപ്പറമ്പ്‌
കൃഷി വകുപ്പ് ഭൂമി കൈമാറിയതോടെ നാടുകാണിയിലെ സൂ സഫാരി പാർക്ക്‌ പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് വേഗം കൂടുന്നു. സർവേ അടിയന്തരമായി പൂർത്തിയാക്കി വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കും. കേരള പ്ലാന്റേഷൻ കോർപ്പറേഷന്റെ  നാടുകാണി എസ്‌റ്റേറ്റിലാണ്‌ കേരളത്തിലെ ഏറ്റവും വലിയ മൃഗശാല വരുന്നത്‌.
 പാർക്കിനായി  പ്ലാന്റേഷൻ കോർപറേഷന്റെ 256 ഏക്കർ ഭൂമിയാണ് റവന്യൂ വകുപ്പിന്‌ കൈമാറിയത്. റവന്യു വകുപ്പ് പത്തു ദിവസത്തിനുള്ളിൽ ഇത് മൃഗസംരക്ഷണ വകുപ്പിന് കൈമാറും. ഇതോടെ സർവേ നടപടികൾ തുടങ്ങും. തളിപ്പറമ്പ് –-ആലക്കോട് റോഡിൽ കിൻഫ്ര പാർക്കിന്‌ സമീപമാണ്‌ വിദേശരാജ്യങ്ങളിലേതിന്‌ സമാനമായ സഫാരി പാർക്ക്‌ ഒരുക്കുക.
  നാടുകാണിയിൽ 300 ഏക്കർ സ്ഥലമാണ് പ്ലാന്റേഷൻ കോർപ്പറേഷനുള്ളത്. ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിലായാണ് ഭൂമി. ജൈവവൈവിധ്യ കലവറയായ ഇവിടെ പ്രധാനമായും കറപ്പ, കശുമാവ് കൃഷിയാണ്. പ്രകൃതിസമ്പത്ത്‌ അതേപടി സംരക്ഷിച്ചും മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള ആവാസവ്യവസ്ഥകൾ ഒരുക്കിയുമാണ്‌  പാർക്ക്‌ സജ്ജമാക്കുക. പ്രത്യേക കവചിത വാഹനങ്ങളിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാനും വനസൗന്ദര്യം ആസ്വദിക്കാനും കഴിയുന്ന രീതിയിലുള്ള സൗകര്യങ്ങളും ഒരുങ്ങും. മ്യൂസിയവും ബൊട്ടാണിക്കൽ ഗാർഡനും ഇതിനോടനുബന്ധിച്ച്‌ ഉണ്ടാകും.
മലബാറിലെ ടൂറിസം രംഗത്ത് വലിയ മുതൽക്കൂട്ടാകുന്ന സഫാരി പാർക്ക് വേഗത്തിൽ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു.  നാടുകാണി എസ്‌റ്റേറ്റിലെ പ്രകൃതി സമ്പത്ത്‌ സഫാരി പാർക്കിനുള്ള അനുകൂല ഘടകമാണ്‌. ഇത്‌ പരമാവധി പ്രയോജനപ്പെടുത്തുകയാണ്‌ ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top