18 October Friday

വോളിയെ നെഞ്ചേറ്റിയ 
ഉദയ പരവന്തട്ട

പ്രകാശൻ പയ്യന്നൂർUpdated: Thursday Sep 26, 2024

ഉദയ പരവന്തട്ട വോളി ടീം

പയ്യന്നൂർ
എതിർ കോർട്ടിലേക്ക് മിന്നും സ്‌മാഷുകൾ തൊടുക്കുന്നതിനൊപ്പം എതിരാളികളുടെ പന്തിനെ വലയുടെ തൊട്ടുമുകളിൽനിന്ന്‌  തടഞ്ഞിട്ട്‌  കാണികളെ ഹരം കൊള്ളിക്കുന്നതാണ് ഉദയ പരവന്തട്ടയുടെ ഓരോ നീക്കങ്ങളും.
ആറ് പതിറ്റാണ്ട്‌  മുമ്പ് പരവന്തട്ട കിഴക്കുഭാഗം  ചേവിൽ  വയലിൽ രണ്ട് പോസ്‌റ്റും നെറ്റും കെട്ടി ഒരുകൂട്ടം ചെറുപ്പക്കാർ  തുടങ്ങിയ കളി  നാടാകെ ഏറ്റെടുക്കുകയായിരുന്നു.   പരവന്തട്ടയെ വോളിബോളിൽ  അടയാളപ്പെടുത്തിയത് ഉദയ  സ്‌പോർട്സ് ക്ലബ്ബാണ്.  പാലക്കീൽ കുഞ്ഞിരാമൻമാസ്റ്ററായിരുന്നു  സ്ഥാപക  പ്രസിഡന്റ്.  ക്ലബ്ബിന്റെ വളർച്ചക്ക് മാഷ്‌ നൽകിയ സംഭാവന വലുതാണ്. പരവന്തട്ടയുടെ ഹൃദയഭാഗത്ത് കുഞ്ഞിരാമൻമാസ്‌റ്ററുടെ ഉടമസ്ഥതയിലുള്ള സ്ഥലം കളിക്കാൻ  നൽകി.  വിളവെടുപ്പ് കഴിഞ്ഞാൽ ഒടു ചെത്തിക്കളഞ്ഞ് വൃത്തിയാക്കി സ്ഥലം ഒരുക്കും. മഴ കഴിഞ്ഞാൽ നിലം കിളച്ച് തല്ലി ഉറപ്പിച്ച് ചാണകം തേച്ച് മൈതാനം ഒരുക്കുന്നത് ഉത്സവംപോലെയാണ് നാടേറ്റെടുത്തത്.  
    ടി പി ശ്രീധരൻമാസ്‌റ്റർ, തായമ്പത്ത് കൃഷ്ണൻ, മന്ദ്യത്ത് ബാലകൃഷ്‌ണൻ, പാണച്ചിറമ്മൽ  കുഞ്ഞിക്കണ്ണൻ, വേലിയാട്ട് കൃഷ്ണൻ, അനൂരാൻ കണ്ണൻ, പി വി കുഞ്ഞമ്പുമാസ്‌റ്റർ, മുത്തത്തിയിലെ ബാലറാം, പി വി രാഘവൻ, കെ പി ബാലൻ എന്നിവരും അന്ന് നേതൃനിരയിൽ ഉണ്ടായിരുന്നു. ഉദയ സ്‌പോർട്സ് ക്ലബ്ബിന്റെ കളിക്കളത്തിൽനിന്നും വളർന്ന നിരവധി പുരുഷ –- വനിതാ  താരങ്ങൾ സംസ്ഥാന, യൂണിവേഴ്സിറ്റി, ജില്ലാ താരങ്ങളായി മാറി വിവിധ സർക്കാർ, സർക്കാരിതര സർവീസുകളിൽ ജോലി നേടി. 
    ആദ്യകാലങ്ങളിൽ ക്ലബ്ബുകളുടെ സൗഹൃദ മത്സരങ്ങളായിരുന്നു. പരസ്പരം ക്ഷണിച്ച് രണ്ടു പ്രദേശങ്ങളിലും പോയി കളിക്കുന്ന രീതിയായിരുന്നു. വോളിയെ ജനകീയമാക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് ടൂർണമെന്റുകൾ വ്യാപകമായതോടെ കളിയുടെ വാശിയും കൂടി. മലബാറിലെ നിരവധി ടൂർണമെന്റുകളിൽ ഉദയ പരവന്തട്ട ജേതാക്കളായി. നിരവധി കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നുണ്ട്‌. കെ വി  അരുൺ പ്രസിഡന്റും പി സനോജ് സെക്രട്ടറിയുമായ ഭരണസമിതിയാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top