27 December Friday

കൃഷിയിടത്തിൽ ‘ബെന്നി’ക്കൊടി പാറിച്ച്‌

നൗഷാദ് നടുവിൽUpdated: Tuesday Nov 26, 2024

ബെന്നി പാവൽ വിളവെടുപ്പിൽ

ആലക്കോട്
കൃഷിയിൽ പുതുരീതി പരീക്ഷിച്ച്‌  മുന്നേറുകയാണ്‌ ജയഗിരിയിലെ ഈ കർഷകൻ. കർണാടക വനാതിർത്തിയോടുചേർന്ന ഉദയഗിരി പഞ്ചായത്തിലെ  ജയഗിരി  കാഞ്ഞിരത്തിങ്കൽ ബെന്നി(49)ക്ക്  കൃഷിയാണ് ജീവനും ജീവിതവും. കുട്ടിക്കാലത്ത്‌ തുടങ്ങിയ മണ്ണിനോടുള്ള സ്‌നേഹം ഇപ്പോഴും ഇരട്ടിയായി തുടരുന്നു. മലയോരത്തെ നിരവധി കർഷകർ സമ്മിശ്രകൃഷിയിലേക്ക് നീങ്ങിയപ്പോഴും 15 വർഷമായി മൂന്നര ഏക്കറിൽ ഏത്തവാഴയും പാവലും കൃഷിചെയ്ത് നേട്ടംകൊയ്യുകയാണ് ബെന്നി.
രണ്ട് ഭാഗമായി തിരിച്ചാണ്‌  കൃഷി.  വിളവെടുപ്പ് കഴിഞ്ഞാൽ പാവൽ നട്ടിടത്തേക്ക്‌ വാഴയും വാഴയുടെ സ്ഥലത്ത്‌  പാവലും ഇടംപിടിച്ചും.  നേരത്തേ പ്രയോഗിച്ച വളത്തിന്റെ ഗുണം അടുത്ത കൃഷിക്കും ലഭിക്കുന്നതിനാണ്‌ ഈ മാറ്റം. വാഴ വിത്ത് തമിഴ്നാട്ടിലെ തൃശ്ശിനാപള്ളിയിൽനിന്നാണ്‌ വാങ്ങുന്നത്.  "പ്രിയങ്ക’ ഇനത്തിലുള്ള പാവൽ സ്വന്തമായി വിത്തെടുത്ത്‌  കൃഷിയിറക്കുന്നു.  കരിമ്പം, പീലിക്കോട് ഫാമുകളിൽനിന്നും വിത്ത്‌ വാങ്ങാറുണ്ട്‌.  
ഏത്തപ്പഴം ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ് മാർക്കറ്റുകളിലാണ് വിൽപ്പന. രണ്ട് വർഷംമുമ്പുവരെ പാവക്കയും  വിറ്റിരുന്നെങ്കിലും രീതി മാറ്റി  മലയോരത്തെ വിവിധ പ്രദേശങ്ങളിലെത്തിച്ച്‌  ആവശ്യക്കാർക്ക്‌ നേരിട്ടുനൽകുന്നു. ഇതിനായി  ജീപ്പും വാങ്ങി. ഇടനിലക്കാരില്ലാത്തതിനാൽ  കർഷകർക്കും ഉപഭോക്താക്കൾക്കും നേട്ടമാണെന്ന്‌ ബെന്നി പറയുന്നു. 
കാട്ടാനകളുടെയും പന്നികളുടെയും ആക്രമണത്തിലും  കാറ്റ് വീഴ്ചയിലും ആയിരക്കണക്കിന് വാഴകൾ നശിച്ചെങ്കിലും ഇൻഷുറൻസും കൃഷി വകുപ്പിന്റെ സഹായവും ലഭിച്ചതിനാൽ പിടിച്ചുനിൽക്കാനായി.  കൃഷിഭവൻ  സഹായവും പിന്തുണയുമായി ഒപ്പമുണ്ടെന്നും ബെന്നി പറഞ്ഞു.  മകന്‌ പ്രോത്സാഹനമായി  അമ്മ റോസമ്മയും കൂടെയുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top