26 November Tuesday

സ്‌മരണയിൽ നിറഞ്ഞു, പതറാത്ത പോരാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്,സെക്രട്ടറി വി കെ സനോജ് 
എന്നിവരുടെ നേതൃത്വത്തിൽ നടന്ന യുവജനറാലി

കൂത്തുപറമ്പ്
നെറികേടിനെതിരെ നിറനെഞ്ചുകാട്ടി പോരാടി രക്തസാക്ഷികളായ ധീര രക്തസാക്ഷികളുടെ സ്‌മരണ പുതുക്കാൻ കൂത്തുപറമ്പിൽ ഒത്തുചേർന്നത്‌ ആയിരങ്ങൾ. കെ കെ രാജീവൻ, മധു, കെ വി റോഷൻ, ഷിബുലാൽ, ബാബു എന്നീ പൊരുതിവീണ അഞ്ച്‌ രക്തതാരകങ്ങൾക്കൊപ്പം അമരസ്‌മരണയായി പുഷ്‌പനും  സ്‌മരണയിൽ നിറഞ്ഞു. മുപ്പതാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ നടന്ന യുവജന റാലിയിലും അനുസ്മരണസമ്മേളനത്തിലും നിരവധിപേർ അണിനിരന്നു. ഷിബുലാൽ വെടിയേറ്റുവീണ സ്ഥലത്തുനിന്നും  പി ബാലൻ കൊളുത്തിയ ദീപശിഖ ടി മിഥുൻ ഏറ്റുവാങ്ങി. മധു വെടിയേറ്റ് വീണ സ്ഥലത്തുനിന്നും കെ ലീല കൊളുത്തിയ ദീപശിഖ ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി അംഗം കെ ഷിബിന ഏറ്റുവാങ്ങി. ബാബു വെടിയേറ്റ് വീണ സ്ഥലത്തുനിന്നും ടി ബാലൻ കൊളുത്തിയ ദീപശിഖ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ ആരതി ഏറ്റുവാങ്ങി. പുതുക്കുടി പുഷ്പൻ വെടിയേറ്റ് വീണ സ്ഥലത്തുനിന്നും എം സുകുമാരൻ കൊളുത്തിയ ദീപശിഖ  സി പി അജേഷ് ഏറ്റുവാങ്ങി. കെ കെ രാജീവൻ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് എൻ കെ ശ്രീനിവാസൻ  കൊളുത്തിയ ദീപശിഖ എ പി ശ്യാംജിത്ത് ഏറ്റുവാങ്ങി. കെ വി റോഷൻ വെടിയേറ്റ് വീണ സ്ഥലത്ത്‌ അമ്മ നാരായണിയമ്മയാണ് ദീപശിഖ കൊളുത്തിയത് .മുഹമ്മദ് ഫായിസ് ഏറ്റുവാങ്ങി. തുടർന്ന് നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖകൾ തൊക്കിലങ്ങാടിയിലെത്തിച്ചു. പ്രകടനത്തിന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ നേതൃത്വം നൽകി.  നഗരസഭാ സ്റ്റേഡിയത്തിൽ  പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. കെ ധനഞ്ജയൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, വത്സൻ പനോളി , എം സുരേന്ദ്രൻ ,വി കെ സനോജ്, വി വസീഫ്, കെ ലീല, സരിൻ ശശി, മുഹമ്മദ് അഫ്സൽ, വി ഷിജിത്ത് എന്നിവർ സംസാരിച്ചു. 
പയ്യന്നൂർ ഷേണായ് സ്‌ക്വയറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജുവും പിലാത്തറ ബസ് സ്റ്റാൻഡ് പരിസരത്ത്   കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ  എംഎൽഎയും . മാത്തിലിൽ  എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനുവും ഉദ്ഘാടനം ചെയ്തു. 
 ആലക്കോട് എളമ്പേരംപാറയിൽ സോഫിയ മെഹറും  തളിപ്പറമ്പ്‌ ടൗൺസ്‌ക്വയറിൽ  നാസർ കൊളായിയും ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ  സജീവൻ ശ്രീകൃഷ്ണപുരവും മട്ടന്നൂരില്‍  ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി തോമസും കണ്ണൂർ അലവിൽ ടൗണിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം  എം സ്വരാജും തോട്ടട പോളിടെക്നിക്‌ കോളേജ് ഓഡിറ്റോറിയത്തിൽ 
മന്ത്രി വി എൻ വാസവനും  അഞ്ചരക്കണ്ടി കാവിന്മൂലയിൽ കെ എസ് അരുൺകുമാറും   സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്ക്‌ മയ്യിലും  എളമരം കരീം  ഇരിണാവിലും ഉദ്‌ഘാടനംചെയ്തു.
  രക്തസാക്ഷി സി ബാബുവിന്റെ ജന്മനാടായ കുണ്ടുചിറയിൽ പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസും  രക്തസാക്ഷി മധുവിന്റെ നാടായ കല്ലിൽത്താഴെ  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും ഉദ്ഘാടനം ചെയ്തു. 
  ചമ്പാട് അരയാക്കൂലിൽ ഷിബുലാലിന്റെ സ്മൃതികുടീരത്തിലും   പാനൂരിൽ കെ കെ രാജീവന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടന്നു. പാനൂരിൽ അനുസ്മരണ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി പി എം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

 പുഷ്പന്റെ വീട് സന്ദർശിച്ചു

പാനൂർ
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച്‌  പുതുക്കുടി പുഷ്പന്റെ വീടും സ്മൃതി മണ്ഡപവും ഡിവൈഎഫ്ഐ നേതാക്കൾ സന്ദർശിച്ചു. വീട്ടിലെത്തിയ നേതാക്കൾ കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം നേർത്ത് മേനപ്രം മാമൻ വാസു സ്മാരക മന്ദിരത്തിന് സമീപത്തെ സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി.  സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം വി എം ഷീമ, പി പി അനിഷ, മുഹമ്മദ്‌  സിറാജ്‌, കിരൺ കരുണാകരൻ  തുടങ്ങിയവരാണ് സന്ദർശിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top