08 September Sunday
നാളെ ലോക ഹെപ്പറ്റൈറ്റിസ്‌ ദിനം

കരുതിയിരിക്കാം മഞ്ഞപ്പിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
കണ്ണൂർ
മഴക്കാലമെത്തിയതോടെ മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ്‌ എ) ബാധിതരുടെ എണ്ണവും വർധിക്കുന്നു. ഈ വർഷം ജൂൺവരെ 250 കേസുകളാണ്‌ റിപ്പോർട്ടുചെയ്‌തത്‌. 2023ൽ  ഇത്‌ 70ഉം 2022 പത്തുമാണ്‌. മലിനജലം കുടിക്കുകയോ പാചകത്തിന്‌ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെയാണ്‌ മഞ്ഞപ്പിത്തം പകരുന്നത്‌. വെള്ളത്തിന്റെ ശുചിത്വമുറപ്പാക്കാൻ ജാഗ്രത വേണമെന്ന്‌ ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ്‌ നൽകുന്നു.
രോഗികളുടെ വിസർജ്യത്തിലൂടെയാണ്‌  വൈറസ് പുറത്തുവരുന്നത്. ഇതുകലർന്ന വെള്ളം ഉപയോഗിക്കുന്നവരിലേക്കും രോഗംപകരും. ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണ് പ്രാരംഭ ലക്ഷണം. ബിലിറുബിന്റെ അളവ് വർധിച്ച്‌ കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറംവരും. 
അശാസ്‌ത്രീയ 
ചികിത്സ വേണ്ട
മഞ്ഞപ്പിത്തം കൂടുതൽ മാരമകമായാൽ അത് തലച്ചോറിനെയോ കരളിനെയോബാധിച്ച്‌ മരണം സംഭവിച്ചേക്കാം. അതിനാൽ ചികിത്സയിൽ പ്രത്യേക ശ്രദ്ധവേണം.  പ്രാദേശിക ചികിത്സകളിൽ രോഗിയെ വീണ്ടും ഛർദിപ്പിക്കുകയും  നിരാഹാരമനുഷ്ഠിക്കാൻ  ആവശ്യപ്പെടുകയുമാണ്‌ ചെയ്യാറുള്ളത്. ഇത്‌ അശാസ്ത്രീയമാണ്.  വിശ്രമം, ധാരാളമായി വെള്ളവും  ഭക്ഷണം എന്നിവയാണ്‌ രോഗിക്കാവശ്യം. വൈറൽ രോഗമായതിനാൽ  ലക്ഷണങ്ങളറിഞ്ഞാണ്‌ ചികിത്സിക്കേണ്ടത്‌.
പ്രതിരോധം ഇങ്ങനെ 
•   കുടിക്കണം, തിളപ്പിച്ചാറ്റിയ വെള്ളം  
•   കുടിവെള്ള സ്രോതസ്സുകളിൽ കൃത്യമായ ഇടവേളകളിൽ  ക്ലോറിനേഷൻ 
•   തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമരുത്‌ 
•   ജ്യൂസ്, മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനായി ഐസ് ഉപയോഗിക്കാതിരിക്കുക
•   ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്ന വെള്ളം, ജ്യൂസ് എന്നിവയ്‌ക്ക്‌ തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം ഉപയോഗിക്കുക 
•   രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടുകയും വിശ്രമിക്കുകയും ചെയ്യുക
•   രോഗബാധിതർ പ്രത്യേക ടോയ്‌ലറ്റ്, പാത്രങ്ങൾ എന്നിവ ഉപയോഗിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും വേണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top