21 November Thursday

ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതിയെത്തിക്കാൻ 
ജീവനക്കാരുടെ കഠിന യത്നം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

പേരാവൂർ തിരുവോണപ്പുറത്ത്‌ ബസ്സിനുമുകളിൽ വീണ വൈദ്യുതിത്തൂണുകൾ കെഎസ്‌ഇബി ജീവനക്കാർ മാറ്റുന്നു

കണ്ണൂർ
ചുഴലിക്കാറ്റിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന്‌ കെഎസ്‌ഇബി ജീവനക്കാർ കഠിന യത്നത്തിൽ.  കനത്തമഴയും  കാറ്റും അതിജീവിച്ചാണ്‌  ജീവനക്കാർ വിശ്രമമില്ലാതെ പണിയെടുക്കുന്നത്‌. വൈദ്യുതിയെത്തിക്കാനായി ഉന്നത ഉദ്യോഗസ്ഥരടക്കം  നേരിട്ടെത്തിയാണ്‌ നിർദേശം നൽകുന്നത്‌. 
പൊട്ടിവീണ ലൈനുകളിൽനിന്ന്‌  അപകടം സംഭവിക്കാതിരിക്കാനാണ്‌  ആദ്യ പരിഗണന. ഇവ ഓഫ്ചെയ്ത് ഫീഡറുകൾ പുനസ്ഥാപിക്കുന്ന പ്രവൃത്തി രാത്രിവരെ നീളുകയാണ്‌.  താൽക്കാലിക സംവിധാനമൊരുക്കി മിക്ക ഫീഡറുകളും വെള്ളിയാഴ്ച രാത്രിയോടെ പ്രവർത്തനസജ്ജമാക്കി.  ജില്ലയിലെ 633 ട്രാൻസ്ഫോമറുകളിൽ ഇനിയും വൈദ്യുതിയെത്തിക്കാനുണ്ട്‌.  107  ഹൈടെൻഷൻ, 1270  ലോ ടെൻഷൻ പോസ്റ്റുകളും മാറ്റി ലൈൻ തകരാർ പരിഹരിക്കാനുണ്ട്‌. 42,000  ഉപഭോക്താക്കളുടെ പരാതികളും തീർക്കാനുണ്ട്‌. പുതുതായി പരാതികളില്ലെങ്കിൽ  രണ്ട് ദിവസത്തിനകം വൈദ്യുതി പുനസ്ഥാപന പ്രവൃത്തി പൂർത്തീകരിക്കാനാവുമെന്നാണ്‌ കരുതുന്നത്‌. ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കുംപുറമെ വിരമിച്ച ജീവനക്കാരെയും  ഉൾപ്പെടുത്തി വിവിധ ടീമുകളായാണ് പ്രവർത്തനം. മറ്റ്‌  ജില്ലകളിലും സമാന നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ അവിടെനിന്നുള്ളവരെ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല.
വ്യാഴം രാത്രിയും വെള്ളി പകലുമായുണ്ടായ കാറ്റിൽ 134 ഹൈടെൻഷൻ,  434 ലോടെൻഷൻ പോസ്റ്റുകളുംതകർന്നു.  989 ലൈനുകൾ പൊട്ടിവീണു.  1,570 ഇടങ്ങളിൽ മരങ്ങൾ ലൈനിലേക്ക് വീണ്‌ പുതുതായി മൂന്ന്‌  കോടി രൂപയുടെ  നഷ്ടംകൂടി സംഭവിച്ചു.  ഒരാഴ്ചക്കിടയിൽ 10 കോടി രൂപയുടെ  നാശമാണ്‌ കെഎസ്‌ഇബിക്കുണ്ടായത്‌.  ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എൻജിനിയർ ഹരീശൻ മൊട്ടമ്മൽ കണ്ണൂർ, കാസർകോട്‌, വയനാട് ജില്ലകളിലെ ഫീൽഡ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പുരോഗതി അവലോകനംചെയ്തു. കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്‌. കണ്ണൂർ, തലശേരി പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം അറിയിക്കുന്നതിനുള്ള കൺട്രോൾ റൂം നമ്പർ 94960 11176 ആണ്‌.   പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലെ വൈദ്യുതി തടസ്സങ്ങൾ  ശ്രീകണ്‌ഠപുരം കൺട്രോൾ റൂം നമ്പർ 94960 18618 ലും അറിയിക്കണം. വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികൾ കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പർ 94960 01912 ലും  രജിസ്റ്റർചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top