24 November Sunday

തൊഴിലെത്തും, നമ്മളെത്തേടി

എൻ കെ സുജിലേഷ്‌Updated: Saturday Jul 27, 2024

പരിയാരം അമ്മാനപ്പാറ യുവശക്തി വായനശാല ഹാളിൽ ജോബ് ഡ്രൈവിന് എത്തിയവർ ( ഫയൽ ചിത്രം)|

തളിപ്പറമ്പ്‌
ഇന്റർവ്യൂ എന്നു കേൾക്കുമ്പോഴേ എന്നാ വിട്ടേക്കാം എന്നുപറയുന്നവരാണ്‌ തൊഴിലന്വേഷകരിൽ ഏറെയും. തൊഴിലെന്ന ആഗ്രഹത്തെ പിന്നോട്ടടിപ്പിക്കാൻമാത്രം ഭീകരമാണോ ഇന്റർവ്യൂകൾ. അല്ലെന്ന്‌ പറഞ്ഞുതുടങ്ങിയിട്ടുണ്ട്‌ തളിപ്പറമ്പ്‌ മണ്ഡലത്തിലെ ഉദ്യോഗാർഥികൾ. ഇന്റർവ്യൂവിന്‌ തൊട്ടുമുമ്പുവരെ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി ആത്മവിശ്വാസം പകരാൻ കഴിയുന്നുവെന്നിടത്താണ്‌  മണ്ഡലത്തിലെ ‘തൊഴിലും സംരംഭകത്വവും’ പദ്ധതി വിജയം കാണുന്നത്‌. കേരള നോളജ്‌ ഇക്കണോമി മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ രജിസ്‌ട്രേഷൻ മുതൽ ജോലി നേടിക്കൊടുക്കുന്നതുവരെയുള്ള ‘പിന്തുടരൽ’ തൊഴിലന്വേഷകന്‌ നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.  പഞ്ചായത്ത്‌, നഗരസഭാതലത്തിൽ പ്രവർത്തിക്കുന്ന ജോബ്‌ സ്‌റ്റേഷനുകളിലേക്കാണ്‌ ജോലിയുമായി  കമ്പനികളെത്തുന്നത്‌. പദ്ധതിയുടെ ഭാഗമായി  നടക്കുന്ന തുടർച്ചയായ, ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ്‌  ഉദ്യോഗാർഥികൾ ലക്ഷ്യം കാണുന്നത്‌. 
തൊഴിൽ വേണോ.? വരൂ...
ജോലിയെന്നത്‌ ഭൂരിഭാഗം അഭ്യസ്‌തവിദ്യർക്കും സ്വപ്‌നംമാത്രമാകുന്ന കാലത്ത്‌ വിശാലമായ കാഴ്‌ചപ്പാടോടെയാണ്‌ എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ തളിപ്പറമ്പ്‌ മണ്ഡലത്തിൽ തൊഴിലും സംരംഭകത്വവും പദ്ധതി ആലോചിക്കുന്നത്‌. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുതലത്തിൽവരെ വേരുകളാഴ്‌ത്തുന്ന വിപുലമായ സംവിധാനങ്ങൾ ഒരുങ്ങിയതോടെ മണ്ഡലത്തിൽ തൊഴിലിനുവേണ്ടി രജിസ്‌റ്റർ ചെയ്‌തവരുടെ എണ്ണം 13,000 കടന്നു. നോളജ്‌ ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം(ഡിഡബ്ല്യുഎംഎസ്‌) പ്ലാറ്റ്‌ഫോമിലാണ്‌ രജിസ്‌ട്രേഷൻ. മൊബൈൽ ആപ്‌ (DWMS  Connect) വഴിയാണിത്‌.  രജിസ്‌റ്റർ ചെയ്‌തവരിൽ ടെലികോളേഴ്‌സുമായുള്ള സംഭാഷണത്തിൽ ആറ്‌ മാസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ 2659 പേരാണ്‌ സന്നദ്ധത പ്രകടിപ്പിച്ചത്‌. ഇതിൽ 1295 പേർ ഉടൻ ജോലി വേണമെന്ന ആവശ്യമുള്ളവരും.  ജില്ലയിലോ തളിപ്പറമ്പ്‌ മണ്ഡലം പരിധിയിലോ ആണ്‌ കൂടുതൽ പേരും താൽപ്പര്യം പ്രകടിപ്പിച്ചത്‌.  ജോബ്‌ സ്‌റ്റേഷനുകൾ വഴിയും പ്ലേസ്‌മെന്റ്‌ ഡ്രൈവുകൾ വഴിയുമാണ്‌ ഇവരെ കമ്പനികൾക്ക്‌ മുന്നിലെത്തിക്കുന്നത്‌. ആവശ്യമറിഞ്ഞ്‌ വിളമ്പുകയെന്ന തത്വം പ്രാവർത്തികമാക്കി നൽകുന്ന പരിശീലനമാണ്‌  ഇന്റർവ്യൂവിനെ ആശങ്കയില്ലാതെ അഭിമുഖീകരിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്‌തമാക്കുന്നത്‌. ഒരേസമയം വിവിധ തലങ്ങളിലായാണ്‌ ഇവർക്കുള്ള പരിശീലനം. 
2023 ഒക്‌ടോബറിലാണ്‌ തളിപ്പറമ്പ്‌ ഇക്കണോമിക്‌ ഡവലപ്‌മെന്റ്‌ കൗൺസിലിന്റെ നേതൃത്വത്തിൽ പദ്ധതി വിപുലമാക്കിയത്‌. തദ്ദേശസ്ഥാപനങ്ങളിൽ വിപുലമായ മുന്നൊരുക്കങ്ങൾ ഇതിനായി നടത്തി. ഭരണസമിതി, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ആശ വർക്കർ, ഐസിഡിഎസ്‌, വ്യവസായ വകുപ്പ്‌ ഇന്റേൺസ്‌, യൂത്ത്‌ കോ ഓഡിനേറ്റർമാർ, വിമൺ ഫെസിലിറ്റേറ്റർമാർ, കമ്യൂണിറ്റി അംബാസഡർമാർ എന്നിങ്ങനെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തി. രണ്ടോ മൂന്നോ വാർഡുകൾ ചേർത്ത്‌ ഒരു ക്ലസ്‌റ്ററും രൂപീകരിച്ചു. സംസ്ഥാനത്താദ്യമായി ആവശ്യമുള്ളവരെയെല്ലാം തൊഴിൽ മേഖലയിലെത്തിക്കുകയെന്ന ഉദ്യമം ഏറ്റെടുക്കുന്ന മണ്ഡലമെന്ന പദവിയിലേക്കാണ്‌ തളിപ്പറമ്പ്‌ ചുവടുവയ്‌ക്കുന്നത്‌. 
  എന്തെങ്കിലും പറഞ്ഞുപോയിട്ട്‌ അബദ്ധമാകുന്നതിലും നല്ലത്‌ മിണ്ടാതിരിക്കുന്നതല്ലേയെന്നാകും ഇന്റർവ്യൂവിന്‌ പോകുന്ന മിക്കവരുടെയും ഉള്ളിലിരിപ്പ്‌. എന്നാൽ മണിമണിപോലെ പറയാൻ പഠിച്ചാൽ ആശങ്ക പമ്പകടക്കും. 
അതേക്കുറിച്ച്‌ നാളെ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top