27 December Friday
കടവത്തൂർ തീപിടിത്തം

ചാരമായത് ജീവിതവും പ്രതീക്ഷയും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

കടവത്തൂർ ടൗണിലെ കത്തിയമർന്ന കടകൾ

പാനൂർ
കടവത്തൂരിനെ നടുക്കിയ തീപിടിത്തത്തിന്റെ ഞെട്ടൽ മാറാതെ കടയുടമകൾ. ഞായറാഴ്‌ചയുണ്ടായ അപകടത്തിൽ 12 വർഷംമാത്രം പഴക്കമുള്ള കെട്ടിടത്തിലെ 13 കടമുറികളും പൂർണമായും കത്തിയമർന്നു. ഫർണിച്ചറുകളും സാധന സാമഗ്രികളും നാമാവശേഷമായി. പുകയും ചുവരുകളിലും കോൺക്രീറ്റിലുമുള്ള തീച്ചൂടും ഒരുദിവസം പിന്നിട്ടിട്ടും വിട്ടുമാറിയിട്ടില്ല. കടയുടമസ്ഥരുടെയും ഇരുപത്തിയേഴോളംവരുന്ന തൊഴിലാളികളുടെയും ജീവിതവും സ്വപ്നവും  പ്രതീക്ഷയുമാണ് മണിക്കൂറുകൾകൊണ്ട് ചാരമായത്.
ഇരുനിലകളായി 10 മുറികളാണ് പെരിങ്ങത്തൂർ സ്വദേശി നടുപ്പുനത്തിൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ ഫാൻസി ആൻഡ് ഫുട്‌വേറിലുള്ളത്‌. ടൗണിലെ ഏറ്റവും വലിയ ഫാൻസി ഷോപ്പുകളിൽ ഒന്നാണിത്. ചില്ലറ, മൊത്തവ്യാപാരം ഉൾപ്പെടെയുള്ള മെട്രോയിൽ പതിനഞ്ചോളം ജീവനക്കാരുണ്ട്. ഡാസിൽ ഫാൻസിയും റൂബി പർദ്ദ ഷോപ്പും കത്തിയമർന്നു. തൃപ്തി കേബിൾ ടിവിയുടെ അഡാപ്റ്ററുകളും വയറും ഭാഗികമായി നശിച്ചു. 
പുലർച്ചെ നാലോടെ തീപിടിത്തമുണ്ടായ ഓർക്കാട്ടേരി ശ്രുതിലയത്തിൽ പുതിയോട്ടിൽ അശോകന്റെ തേങ്ങ - കൊപ്ര സംഭരണശാല പുതുക്കി നിർമിക്കേണ്ട സ്ഥിതിയാണ്‌. ചുവരുകൾക്കും കോൺക്രീറ്റിനും വിള്ളൽവീണു. വൈദ്യുതി കണക്ഷൻ കത്തിനശിച്ചു. മുകൾനിലയിലെ റൂഫിൻ ഷീറ്റും കമ്പികളും ഉപയോഗശൂന്യമായി. പ്രദേശത്തെ വാടകക്കെട്ടിടത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികളാണ്‌ തീ ഉയരുന്നതുകണ്ട്‌ ബഹളംവച്ച് ആളെക്കൂട്ടിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top