കണ്ണൂർ
സമഗ്രശിക്ഷാ കേരളത്തിന് കീഴിൽ ജില്ലയിൽ 12 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും (ബിആർസി) സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ (എസ് ഡിഎസ്) ഒക്‌ടോബറിൽ ആരംഭിക്കും. വിദ്യാർഥികൾക്ക് പ്രൊഫഷണൽ വൈദഗ്ധ്യം വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി നൽകും.
കഴിഞ്ഞ വർഷം കല്യാശേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ ആരംഭിച്ച പൈലറ്റ് പ്രോജക്ട് 50 വിദ്യാർഥികൾ ഒരു വർഷത്തെ രണ്ടു കോഴ്‌സുകൾ (എക്‌സിം എക്‌സിക്യൂട്ടിവ്, ബേക്കിങ് ടെക്‌നീഷ്യൻ) വിജയകരമായി പൂർത്തിയാക്കി. 15 മുതൽ 23വരെ വയസ്സുള്ളവർക്ക് കോഴ്‌സിൽ ചേരാം.
ഒരു എസ്ഡിഎസിൽ രണ്ട് കോഴ്‌സുകളായിരിക്കും നടത്തുക. ഒരു ബാച്ചിൽ 25 വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഒരു വർഷമാണ് കാലാവധി. വിദ്യാർഥികളുടെ ക്ലാസുകളെ ബാധിക്കാത്ത തരത്തിലാണ് കോഴ്‌സ് നടത്തുക.
ജില്ലാതല സ്‌കിൽ ഡെവലപ്മെന്റ് സെന്റർ കമ്മിറ്റിയുടെ യോഗം അസി. കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ കെ രത്‌നകുമാരി അധ്യക്ഷയായി.
ഡിഡിഇ ബാബു മഹേശ്വരി പ്രസാദ്, വിഎച്ച്എസ്‌ഇ പയ്യന്നൂർ മേഖലാ അസി. ഡയറക്ടർ ഇ ആർ ഉദയകുമാരി, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ മുഹമ്മദ് അൻസിൽ ബാബു, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ഇ സി വിനോദ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ (കെയ്സ്) ജില്ലാ സ്‌കിൽ കോ ഓഡിനേറ്റർ വി ജെ വിജേഷ്, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ പി കെ സബിത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..