25 December Wednesday

ചൊല്ലിയാടി നിറഞ്ഞു, നവരസങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രത്തിലെ കഥകളി മഹോത്സവത്തിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അവതരിപ്പിച്ച ചൊല്ലിയാട്ടം

മുഴക്കുന്ന്
നവരസ ഭാവങ്ങളാണ്‌ നിറഞ്ഞത്‌... അതും വേഷഭൂഷാദികളില്ലാതെ. കോട്ടയത്ത്‌ തമ്പുരാന്റെ ആട്ടക്കഥകൾ കലാമണ്ഡലം ബാലസുബ്രമണ്യനും സദനം ഭാസിയും ‘ചൊല്ലിയാടി ’ പല ഭാവങ്ങൾ അവതരിപ്പിച്ചപ്പോൾ കഥകളി ശിൽപ്പശാലക്കെത്തിയവർ ആട്ടക്കഥകളിൽ നിറഞ്ഞു.  വേഷംകെട്ടാതെ വാദ്യമേളങ്ങളുടെ സഹായത്തോടെ നടത്തുന്ന പദാഭിനയമായ ചൊല്ലിയാട്ടമാണ്‌ അവതരിപ്പിച്ചത്‌.  എന്നെ അത്ര നിസ്സാരനായി കാണേണ്ടെന്ന്  ധർമപുത്രർ പഞ്ചാലിയോട് പറയുന്ന ഭാഗം സൗമ്യഭാവത്തിലും ഗൗരവത്തിലും ദേഷ്യത്തിലും അഭിനയിച്ചുകാണിച്ചപ്പോൾ മുഖത്തും കൈമുദ്രകളിലും നൃത്തചുവടുകളിലും ഉണ്ടാകുന്ന ശരീരഭാഷയുടെ മാറ്റം വേഷഭൂഷകളില്ലാതെ അരങ്ങിൽ അവതരിപ്പിക്കുകയായിരുന്നു. 
   മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ നടക്കുന്ന കോട്ടയത്ത്‌ തമ്പുരാൻ കഥകളി മഹോത്സവത്തിൽ നടന്ന ചൊല്ലിയാട്ടമാണ് കാണികൾക്ക് പുതിയ അനുഭവമായത്. ശനി രാത്രി  ‘കിർമീരവധം’ കഥയുടെ ചെറിയ ഭാഗമാണ്  ചൊല്ലിയാടിയത്. കഥകളി അരങ്ങിൽ ചെണ്ടയുടെ പ്രാധാന്യത്തെക്കുറിച്ച്‌ കലാമണ്ഡലം ഉണ്ണികൃഷ്ണനും രംഗത്തെത്തുന്ന വേഷത്തിന്റെ  ഭാവത്തിനനസരിച്ച പാട്ടിൽ വരുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ കോട്ടക്കൽ മധുവും സംവദിച്ചു. 
ചൊല്ലിയാട്ട കളരിക്ക് സദനം ബാലകൃഷ്ണൻ നേതൃത്വം നൽകി.രാത്രി കിർമീരവധം കഥകളിയുടെ ഒന്നാംഭാഗം അരങ്ങേറി.  ഞായറാഴ്ച കിർമീര വധം രണ്ടാംഭാഗം അരങ്ങിലെത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top