23 December Monday
എല്ലാം സൗജന്യം

മികവുയർത്താം, പ്രവേശനം നേടാം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
കണ്ണൂർ 
പൊതുവിദ്യാലയങ്ങളിലെ  ഹയർസെക്കൻഡറി വിദ്യാർഥികളെ പ്രവേശന പരീക്ഷാപരിശീലനത്തിന്‌ സജ്ജമാക്കാനുള്ള ‘കീ ടു എൻട്രൻസ്‌’ പദ്ധതി വിപുലീകരിക്കുന്നു. കഴിഞ്ഞ വർഷം പ്ലസ്‌ടു സയൻസ്‌ വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തിയ പദ്ധതിയിൽ ഇത്തവണ കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ വിദ്യാർഥികൾക്കും രജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിദ്യാർഥികളെ പദ്ധതിയുടെ ഭാഗമാക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തങ്ങളാണ്‌ നടക്കുന്നത്‌. 
   ജില്ലയിലെ 141 ഹയർ സെക്കൻഡറി സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുന്നു. വിക്‌ടേഴ്‌സ്‌ ചാനൽ വഴിയാണ്‌  ക്ലാസുകൾ. സ്വകാര്യ എൻട്രൻസ്‌ പരിശീലന സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാൻ പ്രയാസമുള്ള വിദ്യാർഥികൾക്കുൾപ്പെടെ  സൗജന്യപരിശീലനം നൽകുകയാണ്‌  ലക്ഷ്യം.  സയൻസ്‌ വിദ്യാർഥികൾക്ക്‌ കീം, നീറ്റ് പരീക്ഷകൾക്കുള്ള പരിശീലനമാണ്‌ നൽകുന്നത്‌.  ഹ്യുമാനിറ്റീസ്‌,  കൊമേഴ്സ് വിദ്യാർഥികൾക്ക്‌  സർവകലാശാല പൊതുപ്രവേശന പരീക്ഷയായ സിയുഇടി പരീക്ഷകൾക്കുമുള്ള  പരിശീലന ക്ലാസുകളും മാതൃകാ പരീക്ഷകളും നൽകും. പ്ലസ്‌ടു വിദ്യാർഥികളുടെ പരിശീലനം രണ്ടുമാസം മുമ്പ്‌ തുടങ്ങി. പ്ലസ്‌ വൺ വിദ്യാർഥികളുടെ ക്ലാസ്‌ നവംബറിൽ തുടങ്ങും.  
വിദ്യാർഥികൾക്ക്‌ വ്യക്തിപരമായി രജിസ്റ്റർ ചെയ്‌ത്‌ ക്ലാസിൽ പങ്കെടുക്കാനും മാതൃകാപരീക്ഷകൾ എഴുതുവാനുമുള്ള സൗകര്യമുണ്ടാകും. കീ ടു എൻട്രൻസ്‌ പദ്ധതിക്കായി എല്ലാ സ്‌കൂളുകളിലും  ഒരു അധ്യാപകനെ  കരിയർ ഗൈഡായി നിയമിച്ചിട്ടുണ്ട്‌. മുഴുവൻ ഹയർ സെക്കൻഡറി വിദ്യാർഥികളെയും  പദ്ധതിയിലുൾപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്ന്‌   കരിയർ ഗൈഡൻസ് ജില്ലാ കൺവീനർ ഡോ. കെ  ആർ രാജേഷ് ബാബു പറഞ്ഞു. കൈറ്റ്ഓഫിസിൽ കരിയർ  ഗൈഡുമാർക്കുള്ള ഏകദിന പരിശീലനം ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടിഡയറക്ടർ ആർ രാജേഷ് കുമാർ  ഉദ്ഘാടനം  ചെയ്‌തു. ജില്ലാ കോ–-ഓഡിനേറ്റർ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. സജിത്‌ കുമാർ,  ആർ റീജ, ഒ വി പുരുഷാത്തമൻ എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top