27 November Wednesday

കേന്ദ്രത്തിന്‌ താക്കീതായി 
തൊഴിലാളി–കർഷക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ട്രേഡ് യൂണിയൻ–- കർഷകത്തൊഴിലാളി സംയുക്ത സമരസമിതി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷക–- കർഷകത്തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ജനലക്ഷങ്ങളുടെ ഉശിരൻ പ്രതിഷേധം. തൊഴിലാളിവിരുദ്ധ ലോബർ കോഡുകൾക്കെതിരെയും കർഷകദ്രോഹ നിയമഭേദഗതികൾക്കുമെതിരെയും ട്രേഡ്‌ യൂണിയൻ–-കർഷക–- കർഷകത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും  രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലും തലസ്ഥാനത്ത്‌ രാജ്‌ഭവനുമുന്നിലും പ്രതിഷേധം സംഘടിപ്പിച്ചത്‌. 
   കർഷകസമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക, ഉൽപ്പാദനച്ചെലവിനോട് അതിന്റെ പകുതിയുംകൂടി കൂട്ടിയ താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോൽപ്പന്നങ്ങളും സംഭരിക്കുക,  നാല്‌ ലേബർ കോഡുകളും 2022ലെ ഇലക്ട്രിസിറ്റി ഭേദഗതി ബില്ലും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി ദിവസക്കൂലി 600 രൂപയാക്കി വർഷം 200 പ്രവൃത്തിദിനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം.
   തലസ്ഥാനത്ത്‌ മാനവീയം വീഥിയിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. രാജ്‌ഭവനുമുന്നിലെ ധർണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ അധ്യക്ഷനായി.
കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിലേക്ക്‌ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ഐഎൻടിയുസി നേതാവ്‌ ജോസ്‌ ജോർജ്‌ പ്ലാത്തോട്ടം അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ, എസ്‌ടിയു നേതാവ്‌ എം എ കരീം, ഐഐടിയുസി നേതാവ്‌ സി പി മുരളി, എ പ്രദീപൻ, എം ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top