പാനൂർ
എല്ലാവിധ ആക്രമണങ്ങളെയും നേരിടാൻ മനസ്സാന്നിധ്യമുള്ളവർക്കേ കമ്യൂണിസ്റ്റാകാൻ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യകാല പ്രവർത്തകർ ഒട്ടേറെ പരീക്ഷണഘട്ടങ്ങളും ത്യാഗവും സഹിച്ചാണ് കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുത്തത്. പ്രതിസന്ധികളെ നേരിടാനാവുന്നില്ലെങ്കിൽ കമ്യൂണിസ്റ്റ് ജീവിതം തുടരാനാകില്ല. പാനൂർ പാറാട്ട് എ വി ബാലന് സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പൊതുപ്രസംഗം ബ്രണ്ണൻ കോളേജ് വിദ്യാർഥിയായിരിക്കെ പാനൂരിലായിരുന്നു. നാട്ടിലെ എല്ലാ പാർടികളും ഒന്നിച്ചുനിന്ന് കമ്യൂണിസ്റ്റ് പാർടിയെ എതിർത്തിരുന്ന ഒരു കാലം ഇവിടെയുണ്ടായിരുന്നു. വർഗീയ ശക്തികൾ ന്യൂനപക്ഷങ്ങളെയുൾപ്പെടെ പാനൂരിൽ ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തിരുന്ന കാലത്ത് അവരെ പ്രതിരോധിക്കാനും കോട്ട തീർക്കാനും എ വി ബാലൻ ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞു. വർഗീയശക്തികൾ പാനൂരിൽ തുടക്കം കുറിച്ച അക്രമം ഇന്ന് രാജ്യത്താകെ വ്യാപിച്ചതായി കാണാൻ കഴിയും. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചു മുന്നോട്ടുപോകണം. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷങ്ങൾ പ്രത്യേകമായി സംഘടിക്കണം എന്ന നിലപാടിലേക്ക് ഒരു ചെറുവിഭാഗം പോയത് തികച്ചും തെറ്റായ രീതിയാണ്. ഇതിലും ജാഗ്രത പാലിക്കണം. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന രാജ്യമായതിനാലാണ് ഇന്ത്യ മതനിരപേക്ഷമായത്. എ വി ബാലനെ പോലെയുള്ളവരുടെ വളരെ ചെറുപ്പംമുതലുള്ള കമ്യൂണിസ്റ്റ് ജീവിതം പുതിയ തലമുറക്ക് ദിശാബോധവും ഊർജവും നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..