25 December Wednesday

ഗ്രീൻ ബ്രിഗേഡിറങ്ങും; ഉയരും ഹരിത ക്യാമ്പസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
കണ്ണൂർ  
ജില്ലയിലെ എല്ലാ കോളേജുകളിലേക്കും ഗ്രീൻ ബ്രിഗേഡ് പ്രവർത്തനം വ്യാപിപ്പിക്കാൻ കണ്ണൂരിൽ ചേർന്ന ഗ്രീൻ ബിഗേഡ് ശിൽപ്പശാല  തീരുമാനിച്ചു.  കോളേജുകളിൽ  ഒക്ടോബർ 31നകം ഗ്രീൻ ബ്രിഗേഡുകൾ പ്രവർത്തനം തുടങ്ങും.  
ഗ്രീൻ ബ്രിഗേഡുകളുടെ നേതൃത്വത്തിൽ എൽപി, യുപി സ്കൂളിൽ ശുചിത്തോത്സവം സംഘടിപ്പിക്കും.
കോളേജ്‌ ക്യാമ്പസിനകത്ത്  വിവിധ മിഷനുകൾ, സംഘടനകൾ, വകുപ്പുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പച്ചത്തുരുത്ത്, മിയാവാക്കി ഔഷധത്തോട്ടം തുടങ്ങിയവ സ്ഥാപിക്കും.
നെറ്റ് സീറൊ കാർബൺ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാർഥികൾക്ക് തേനീച്ച വളർത്തലിൽ പരിശീലനവും ഗ്രീൻ ബ്രിഗേഡ് അംഗങ്ങളുടെ വീടുകളിൽ തേനീച്ച കോളനി വളർത്തലും സംഘടിപ്പിക്കും. കോളേജുകളെ ഹരി, സീറോ വേസ്റ്റ് ക്യാമ്പസാക്കി  വിദ്യാർഥികളെ ഹരിത ബ്രാൻഡ് അംബാസിഡർമാരാക്കും . ഗ്രീൻ ബ്രിഗേഡ്  ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ,അധ്യാപകർ, ഹരിത - ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു. നവകേരളം കർമപദ്ധതി സംസ്ഥാന കോ–-ഓഡിനേറ്റർ ഡോ. ടി എൻ സീമ  ഉദ്ഘാടനം ചെയ്തു.തദ്ദേശ വകുപ്പ് ജോ.ഡയറക്ടർ സറീന എ റഹ്മാൻ അധ്യക്ഷയായി. ശുചിത്വമിഷൻ സംസ്ഥാന കൺസൾട്ടന്റ്‌ ജഗജീവൻ, ഹരിത കേരളം മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ,ശുചിത്വ മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ കെ എം സുനിൽ കുമാർ,  ഡോ. ടി വി സുരേഖ എന്നിവർ സംസാരിച്ചു.
യൂത്ത് ബ്രിഗേഡ്‌ 
ശുചീകരണയജ്ഞം ഇന്നുമുതൽ
കണ്ണൂർ
മാലിന്യമുക്ത നവ കേരളത്തിനായി  ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ  ജില്ലയിൽ   ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഞായർ അഴീക്കോട് ചാൽ ബീച്ചിൽ  കെ വി സുമേഷ് എംഎൽഎ നിർവ​ഹിക്കും. 18 ബ്ലോക്കിലും 280 മേഖലാകേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കും. ഇതിനോടാനുബന്ധിച്ച് ഒരു മേഖലാ കമ്മിറ്റി  അഞ്ച്‌ കേന്ദ്രങ്ങളിൽ  വേസ്റ്റ് ബിൻ സ്ഥാപിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും  പൊതുയിടങ്ങളിലും മാലിന്യം നീക്കംചെയ്ത് പൂന്തോട്ടം, ഇരിപ്പിടം, വായന കോർണർ, ഹരിതവീഥി എന്നിവ നിർമിക്കും.
ഗ്രന്ഥശാലാ പ്രവര്‍ത്തകരും അണിചേരും
കണ്ണൂർ
ഗാന്ധിജയന്തിദിനത്തിൽ നടക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ഗ്രന്ഥശാലാ പ്രവർത്തകരും പങ്കാളികളാവും. ശുചീകരണപ്രവർത്തനം, ശുചിത്വ സദസ്സ്, ഗൃഹസന്ദർശനം നടത്തി ലഘുരേഖ വിതരണം തുടങ്ങിയവയിൽ പങ്കാളികളാകും. ഒക്ടോബർ രണ്ടിന് തലശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ തലശേരി ടൗൺ ശുചീകരിക്കും. നഗരസഭാ  ചെയർമാൻ  കെ എം ജമുനാറാണി ഉദ്ഘാടനംചെയ്യും. 
പ്രവർത്തനങ്ങളിൽ അക്ഷരസേനാ അംഗങ്ങളും മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ അഭ്യർഥിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി പി കെ വിജയൻ,  എം കെ രമേഷ്‌കുമാർ, കെ ശിവകുമാർ, വി സി അരവിന്ദാക്ഷൻ, പവിത്രൻ മൊകേരി, ഇ പി ആർ വേശാല,  പി ജനാർദനൻ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top