തളിപ്പറമ്പ്
സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ നൂതന ബയോകൺട്രോൾ ലാബ് പ്രവർത്തന സജ്ജമായി. ചെടികൾക്ക് ദോഷകരമാവുന്ന കീടങ്ങളെയും രോഗാണുക്കളെയും നശിപ്പിക്കുന്ന മിത്രജീവാണുക്കൾ ഉൽപ്പാദിപ്പിക്കുന്നതാണ് പ്രധാന പ്രവർത്തനം. 89.55 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് സ്ഥാപിച്ചത്.
ഒക്ടോബർ ആദ്യവാരം ഉദ്ഘാടനംചെയ്യുന്ന ലാബിൽനിന്നും 14 ഇനം മിത്രജീവാണുക്കൾ ഉൽപ്പാദിപ്പിക്കും.
കീടനിയന്ത്രണത്തിനും രോഗനിയന്ത്രണത്തിനുമുള്ളവയാണ് ഇതിൽ പ്രധാനം. ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്ന മിത്രജീവാണുക്കളായ ബ്യുവേറിയ, ലെക്കാനി സീലിയം, മെറ്റാറൈസിയം, മിത്ര നിമാവിരകൾ അടങ്ങിയ മിത്ര നിമാവിരലായനി, കടാവർ മുതലായവ ഉൽപ്പാദിപ്പിക്കും.
ചെടികളെ ബാധിക്കുന്ന കുമിൾ ബാക്ടീരിയ നിയന്ത്രണത്തിനായുള്ള മിത്രജീവാണുവായ ട്രൈക്കോഡർമ, സ്യൂഡോമോണസ്, പി ജി പി ആർ മിക്സ് 2, ട്രൈക്കോഡർമ കേക്ക് മുതലായവയും പ്രധാന ഉൽപ്പന്നങ്ങളാണ്.
ലായനി രൂപത്തിലുള്ള സ്യുഡോമോണാസ് നിർമാണത്തിനുള്ള നൂതന ഉപകരണങ്ങൾ ലാബിൽ സജ്ജമായി.
ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ജീവാണുവളമായ റൈസോബിയം, അസറ്റോബാക്ടർ, അസോസ്പൈറില്ലം, മൈക്കോറൈസ, പി ജി പി ആർ മിക്സ് 1 എന്നിവയുടെ ഉൽപ്പാദനവും തുടങ്ങി. ഈ ജീവാണുവളങ്ങൾ മണ്ണിൽനിന്നും മൂലകങ്ങളെ ചെടികൾക്ക് ലഭ്യമാക്കും. ജീവാണുവളം വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന വടക്കൻ കേരളത്തിലെ ആദ്യത്തെ യൂണിറ്റാണിത്.
ലാബ് പൂർണപ്രവർത്തന സജ്ജമാവുന്നതോടെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് ജൈവരീതിയിൽ സുസ്ഥിരകൃഷിക്കുള്ള ജൈവ ഉപാധികൾ സമയബന്ധിതമായി ലഭ്യമാക്കാനാവുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പിജയരാജും പ്രൊജക്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. കെ പി മഞ്ജുവും പറഞ്ഞു.
ഫോൺ: 8547675124.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..