ആലക്കോട്
ഇടവപ്പാതിയിൽ മഴനനഞ്ഞു തട്ടകംപൂകിയ തെയ്യങ്ങൾ തുലാം പത്ത് പിറന്നതോടെ കാവുകളുണർത്തി നിറഞ്ഞാടിത്തുടങ്ങി. ഇനി ആറുമാസം തോറ്റം പാട്ടും വരവിളിയുംകൊണ്ട് കാവുകൾ ഉത്സവ ലഹരിയിലാകും. നടുവിൽ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ കെട്ടിയാടിയ മുതലത്തെയ്യം വേറിട്ട കോലക്കാഴ്ചയായി. മുതലയെ പോലെ ഇഴഞ്ഞ് ക്ഷേത്രം വലംവച്ചു. കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെയാണ് മുതലത്തെയ്യം അരങ്ങേറിയത്. തുലാമാസത്തിലെ പത്താമുദയത്തിനുശേഷമാണ് ഈ തെയ്യം കെട്ടിയാടുന്നത്. ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്. തലയിൽ ചൂടിയ പാളയിൽ തേൾ, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെ വരച്ചു വച്ചിട്ടുണ്ട്. കുരുത്തോലക്ക് പകരം കവുങ്ങിൻ ഓലയാണ് ഉടയാട.
തൃപ്പണ്ടാറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോൾ പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചുവെന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ് ഐതിഹ്യം. മാവിലൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. പുഴയിൽ വെള്ളം പൊങ്ങിയതിനാൽ അന്തിത്തിരി വയ്‌ക്കാൻ കരയ്ക്ക് ഇക്കരെ വരാൻ കഴിയാതെ കുഴങ്ങിയ പൂജാരിയെ ദേവി മുതലരൂപം പൂണ്ടു പുറത്ത് ഇക്കരെയെത്തിച്ചു എന്നും മറ്റൊരു ഐതിഹ്യമുണ്ട്.
കൊളച്ചേരി ചാത്തമ്പള്ളി ക്ഷേത്രത്തിൽ കെട്ടിയാടുന്ന വിഷകണ്‌ഠൻ തെയ്യത്തോടെയാണ് ഉത്തരകേരളത്തിൽ തെയ്യാട്ടക്കാലം തുടങ്ങുന്നത്. എന്നാൽ, ഇക്കുറി ക്ഷേത്ര കുടുംബാംഗം മരിച്ചതിനാൽ നവംബർ രണ്ട്, മൂന്ന് തീയതികളിലേക്ക് ഉത്സവം മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..